കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലനിടെ നടന്‍ ദിലീപ് പൊട്ടിക്കരഞ്ഞു. അറസ്റ്റ് അനിവാര്യമെന്ന് അറിയിച്ചപ്പോള്‍ ദിലീപ് പൊട്ടിക്കരയുകയായിരുന്നു. മകളേയും ബന്ധുക്കളേയും കാണണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ആരേയും ഈ ഘട്ടത്തില്‍ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ദിലീപ് ഏറെനേരം പൊട്ടിക്കരഞ്ഞത്. ഇന്നലെ രാവിലെ ചോദ്യംചെയ്യലിനായി ഉടന്‍ ഹാജരാകാന്‍ ദിലീപിനെ പൊലീസ് അറിയിച്ചു. തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍വെച്ച് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചോദ്യം ചെയ്യലിനെ തുടക്കത്തില്‍ ധൈര്യത്തോടെ ദിലീപ് നേരിട്ടു. എന്നാല്‍ നടിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെ ദിലീപിന് പിടിച്ചുനില്‍ക്കാനാകാതെ വന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് അനിവാര്യമാണെന്ന് പൊലീസ് അറിയിച്ചത്.