കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. ജാമ്യാപേക്ഷയിൽ പോലീസ് കോടതിയിൽ ഇന്ന് നിലപാടറിയിക്കും.നാദിർഷ അപ്പുണ്ണി എന്നിവരേയും ഇന്ന് വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. പോലീസ് കസ്റ്റഡി നാളെ അവസാനിക്കാനിരിക്കേ ഗൂഡാലോചന നടത്തിയ തൃശ്ശൂരിലെ രണ്ട് ഹോട്ടലുകളിൽ ദിലീപിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും.
ഈ ഹോട്ടലുകളിൽ ദിലീപും സുനിൽകുമാറും ഒരുമിച്ചുണ്ടായിരുന്നെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഇന്നലെ വിവിധയിടങ്ങളിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ദിലീപിന് നേരെ ജനരോഷം ഉയർന്നസാഹചര്യത്തിൽ കൂടുതൽ പോലീസിനെ സുരക്ഷയ്ക്ക് വിന്യസിക്കും.അതേസമയം ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ പോലീസ് ഇന്ന് നിലപാടറിയിക്കും.ദിലീപ് പുറത്തിറങ്ങിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നുമാകും പോലീസ് നിലപാട്.
കേസിൽ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. കൃത്യം മറച്ചുപിടിക്കാൻ ശ്രമിച്ചതിന് ഇരുവരെയും പ്രതിചേർക്കുമെന്നാണ് സൂചന. അതേസമയം സുനിൽ കമാറിന്‍റെ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പ്രതി ചേർക്കാനും നീക്കം നടക്കുന്നുണ്ട്. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയരുന്നു.
