കൊച്ചി: സിനിമകള്‍ വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഇനത്തില്‍ ലഭിച്ച തുക ദീലിപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. നികുതി വെട്ടിക്കാന്‍ തുകയില്‍ കുറെ ഭാഗം കുഴല്‍പ്പണമായും നാട്ടിലെത്തിക്കാറുണ്ടെന്ന് അന്വേഷണസംഘത്തിനു സൂചന. ദീലിപിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. കുറ്റം ബോധ്യപ്പെട്ടാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കും.
ഇതിനുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും രേഖകള്‍ പരിശോധിച്ചു തുടങ്ങി. ദിലീപ് ഒടുവില്‍ അഭിനയിച്ച 14 ചിത്രങ്ങളില്‍ ഒമ്പതും ബോക്‌സോഫീസില്‍ വിജയം ഉണ്ടാക്കിയില്ലെന്നാണ് കണക്ക്. എന്നിട്ടും മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ നടന്‍ സമാഹരിച്ച സ്വത്തുക്കള്‍ ഏറെയാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. വാങ്ങിയ വസ്തുക്കളില്‍ മിക്കതും കനത്തവിലയുള്ള പ്രദേശങ്ങളിലാണ്.
താരസംഘടനയുടെ സാമ്പത്തിക സമാഹരണത്തില്‍ നടനു പ്രധാന പങ്കാണെന്ന വസ്തുതയും പരിഗണിക്കപ്പെട്ടു. ദിലീപ് അഭിനയിച്ച സിനിമകളുടെ കരാര്‍രേഖകളടക്കം കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. ഇതിലെ വരവും ദിലീപിന്റെ ആസ്തിയും താരതമ്യംചെയ്യും. കഴിഞ്ഞയാഴ്ച ദിലീപിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ആലുവ പോലീസ് ക്ലബിലെത്തി കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങളും കേരള പോലീസ് കണ്ടെത്തിയ രേഖകളും ഒത്തുനോക്കിയിരുന്നു.
മൂന്നു കോടി പ്രതിഫലം പറ്റുന്ന ദിലീപിന്‍റെ മൊത്തം ആസ്തി 800 കോടിയാണെന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടന്റെ സാമ്പത്തിക സ്രോതസുകളിലേക്കും അന്വേഷണം നീളുന്നത്.
