കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായി ഒരു മാസം തികയുമ്പോൾ നടൻ ദിലീപ് ജാമ്യാപേക്ഷയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.കഴിഞ്ഞ മാസം പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ സൂപ്പർ താരത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായി മുപ്പത്തി ഒന്ന് ദിവസം തികയുമ്പോഴാണ് ആലുവ സബ്ജയിലിലെ 523 നമ്പർ റിമാൻഡ് തടവുകാരനായ ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. പോലീസ്  കസ്റ്റഡിയിൽ ചോദ്യം ചെയ്ത മൂന്ന് ദിവസങ്ങളൊഴിച്ചാൽ ബാക്കി 28 ദിവസവും അഴിക്കുള്ളിലായിരുന്നു ദിലീപ്. ജയിലിന് പുറത്തിറങ്ങാനുള്ള ആദ്യ രണ്ട് ശ്രമങ്ങൾ വിവിധ കോടതികള്‍ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയുമായിരുന്നു നേരത്തെ ജാമ്യാപേക്ഷ നിരസിച്ചത്.

ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത്. ജാമ്യം നിരസിക്കാൻ പോലീസ് മുമ്പ് പറഞ്ഞ ന്യായങ്ങളൊന്നും ഇനി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. അന്വേഷണത്തോട് ഏത് വിധേനെയും സഹകരിക്കാൻ തങ്ങൾ ഒരുക്കവുമാണ്. എന്നാൽ ജാമ്യാപേക്ഷയെ പൂർണ്ണമായി എതിർക്കുമെന്നും ദിലീപ് ജാമ്യത്തിലിറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതി നടപടികൾ അന്വേഷണ സംഘത്തിനും നിർണ്ണായകമാണ്.

ദിലീപിന് ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും ഈ മാസംതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. ഹൈക്കോടതി ജാമ്യം തള്ളുകയും തൊട്ടുപിന്നാലെ കുറ്റപത്രം സമർ‍പ്പിക്കുകയും ചെയ്താൽ ദിലീപിന്‍റെ ജയിൽവാസം വീണ്ടും നീളും.