Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് നടി

  • നടിയെ ആക്രമിച്ച കേസില്‍ 4 ആവശ്യങ്ങളുന്നയിച്ച് നടി
  • വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യം
  • രഹസ്യ വിചാരണയും അതിവേഗ വിചാരണ വേണം
  • കേസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് 28 ന് വീണ്ടും തുടരും
  • രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന് നടി 
dileep in court actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. കേസിലെ ഏട്ടാം പ്രതിയായ ദിലീപ് അടക്കം പത്തു പ്രതികൾ കോടതിയിൽ ഹാജരായി. കേസില്‍ നാല് ആവശ്യങ്ങള്‍ നടി കോടതിയില്‍  ഉന്നയിച്ചു. വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യം. രഹസ്യ വിചാരണയും അതിവേഗ വിചാരണ വേണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയിൽ ആവശ്യപ്പെട്ടു.

നടിക്കായി കോടതിയില്‍ ഒരു പ്രത്യേക അഭിഭാഷകനും ഹാജരായി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉള്ള സാഹചര്യത്തില്‍ മറ്റൊരു അഭിഭാഷകര്‍ നടിയ്ക്കായി ഹാജരാകേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ആക്രമിക്കപ്പെട്ടയാള്‍ക്ക് സ്വന്തമായി അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് നടിക്കായി ഹാജരായ വക്കീല്‍ വ്യക്തമാക്കി. അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളും രേഖകളും ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ രേഖകളും ഇതിലുള്‍പ്പെടും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ തീരുമാനിക്കുന്നതിനാണ് കേസിലെ 12 പ്രതികളോടും ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആവശ്യപ്പെട്ടത്. ദിലീപിനെ കൂടാതെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ 10 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.  പ്രതികളായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഹാജരായില്ല. 11മണിയോടെ അഭിഭാഷകനായ രാമൻപിള്ളയോടൊപ്പോമാണ് എട്ടാം പ്രതി ദിലീപ് കോടതിയിലെത്തിയത്. കോടതി പ്രതികളെ പേര് എടുത്ത് വിളിച്ചതോടെ മുഖ്യപ്രതി സുനിൽ കുമാറിനൊപ്പം ദിലീപും പ്രതിക്കൂട്ടിൽ നിന്നു. എന്നാൽ  സുനിൽ അടക്കമുള്ള കൂട്ടു  പ്രതിളെ നോക്കിയില്ല. സുനിലും ദിലീപും പ്രതികൂട്ടിൽ രണ്ട് അറ്റത്തായി നിന്നു. 

കേസിൽ നടിയുടെ ദൃശ്യങ്ങൾ അടക്കം പല രേഖകളും തനിക്കു ലഭിച്ചില്ലെന്നും ഇവയില്ലാതെ എങ്ങനെ വിചാരണ നടത്താനാകുമെന്നും ദിലീപ് വാദിച്ചു. ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും മറ്റു തെളിവുകൾ കൈമാറിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദൃശ്യം വേണമെന്ന പ്രതിയുടെ ഹർജി ഹൈ കോടതിയുടെ പരിഗണനയിൽ ആയതിനാൽ അതിപ്പോൾ നൽകാനാകില്ലെന്ന് കോടതി വ്യക്യതമാക്കി.  തുടർന്ന് ആക്രമിക്കപ്പെട്ട നടിയുടെ  വൈദ്യപരിശോധന ഫലം അടക്കം മുഴുവൻ രേഖയും കൈമാറാന് പ്രോസിക്യൂട്ടർക്ക് നിർദ്ദേശം നൽകി.

ഇതിനിടെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും  രഹസ്യ വിചാരണ വേണമെന്നും ആവശ്യപ്പെട്ട് നടി കോടതിയിൽ ആവശ്യപ്പെട്ടു. നടിയ്ക്കായി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.എന്നാൽ നടിയെ സഹായിക്കുന്നതിന് സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ടെന്നും പ്രത്യക അഭിഭാഷകന് പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും അറയിച്ച് ഹർജി കൃത്യമായ വഴിയിലൂടെ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിചാരണ നടപടികൾ ഈമാസം 28 ലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios