അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.
ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച സംഘത്തിൽ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിൽ സംഭവത്തിൽ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികൾ എല്ലാം സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. അതിനാൽ ദിലീപിന് ഇവരുടെ മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഈ വാദങ്ങളെല്ലാം മുഖവിലയ്ക്കെടുത്ത ശേഷം പോലീസ് നൽകിയ കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നടിയുടെ നഗ്നചിത്രം എടുത്തു നൽകാൻ ആവശ്യപ്പെട്ടു എന്ന ഗൂഢാലോചനക്കുറ്റം മാത്രമാണ് തന്‍റെ മേൽ ചുമത്തിയിരിക്കുന്നതെന്നും അതിനാൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ വാദം. ഈ വാദം ഈ ഘട്ടത്തിൽ പരിഗണിക്കരുതെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി അംഗീകരിക്കുകയായിരുന്നു. കൃത്യത്തിൽ പങ്കില്ലെങ്കിലും ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പോലീസ് കേസ് ഡയറിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി.
