കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ആലുവ സബ്ജയിലിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം തകരാറായതിനാല്‍ ലാപ്‌ടോപ്പില്‍ സ്‌കൈപ്പ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് സാങ്കേതികമായിട്ടാകും ഹാജരാക്കുക.
സുരക്ഷാകാരണങ്ങളാല്‍ താരത്തെ കോടതിയില്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി പോലീസ് നേരത്തേ കോടതിയില്‍ പറഞ്ഞിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കണമെന്ന പോലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. സുരക്ഷാഭീഷണിയുള്ളതിനാല്‍ നേരിട്ടു ഹാജരാക്കാനാകില്ലെന്നു കോടതിയെ അറിയിച്ചെങ്കിലും സുരക്ഷാ ഭീഷണി എന്തെന്നു വ്യക്തമാക്കാന്‍ പോലീസ് തയാറായിട്ടില്ല.
നടനെ ഹാജറാക്കുന്ന സമയത്ത് നടന് സഹതാപ തരംഗം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി പോലീസ് പറയുന്നു. ഇതിനായി ഫാന്‍സ് അസോസിയേഷന്‍ വഴി നീക്കങ്ങള്‍ നടക്കുന്നു എന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് പോലീസിന്‍റെ നീക്കം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
സംഭവത്തില്‍ നടന്‍ ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി കഴിഞ്ഞ ദിവസം താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം അതീവ ഗുരുതരമാണ്. ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയാകുമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഗുരുതര കുറ്റകൃത്യമാണു നടന്നത്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്.
ഒരു സ്ത്രീക്കെതിരേ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ഹീനകൃത്യം എന്ന അപൂര്‍വതയും കോടതി പരാമര്‍ശിച്ചു. പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളില്‍നിന്നും ഹാജരാക്കിയ കേസ് ഡയറിയിലെ തെളിവുകളില്‍നിന്നും ഇക്കാര്യങ്ങളെല്ലാം വെളിവാകുന്നുവെന്നു നിരീക്ഷിച്ചാണു കോടതി, ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യത്തില്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടെടുത്തത്. പ്രതി സ്വാധീനശേഷിയുള്ള സിനിമാതാരമായതിനാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.
