ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കി. തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നാണ് ദിലീപ് മറുപടിയില്‍ പറയുന്നു. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് ഭീഷണിയെന്നാണ് ദൂതന്‍ മുഖേന ആലുവ സിഐയ്ക്ക് ദിലീപ് മറുപടി നല്‍കിയത്.

അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം ദിലീപിന്റെ മറുപടിക്ക് ശേഷം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.
വെളളിയാഴ്ച തണ്ടര്‍ ഫോഴ്‌സ് സംഘം ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയിരുന്നു.

മലയാളിയായ അനില്‍ നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനം. പോലീസില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആറ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഗ്രൂപ്പ് ഗോവയിലെ സിനിമ സെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നേരത്തെ ചെയ്തിരുന്നത്.

നിലവില്‍ ജീവന് ഭീഷണിയുള്ളതായി ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.