വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണമെന്നും നീതിയുടെയും സമാധാനത്തിന്‍റെയും വഴി തുറക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ കൂട്ടിച്ചേർത്തു. രാജ്യത്ത് ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു

വത്തിക്കാൻ സിറ്റി: വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെയുള്ള സാഹചര്യങ്ങളിൽ ആശങ്ക വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപാപ്പ. വെനസ്വേലൻ ജനതയുടെ നന്മയ്ക്കാക്കണം മറ്റെന്തിനേക്കാളും പരിഗണനയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണമെന്നും നീതിയുടെയും സമാധാനത്തിന്‍റെയും വഴി തുറക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ കൂട്ടിച്ചേർത്തു. രാജ്യത്ത് ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

രൂക്ഷ വിമർശനവുമായി പിണറായി

നേരത്തെ നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അമേരിക്കൻ അധിനിവേശത്തെ കടന്നാക്രമിക്കുകയും ചെയ്തു. വെനസ്വേലയുടെ പ്രസിഡന്‍റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്‍റെ അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തം ആണ് ഇത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ശബ്ദം എവിടെ

ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഇന്ത്യയുടെ ശബ്ദം എവിടെ എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര നിലപാടിലൂടെ ഇന്ത്യ എന്ന രാജ്യമാണ് അപമാനിതരാകുന്നതെന്നും കണ്ണൂരിലെ പരിപാടിയിൽ അഭിപ്രായപ്പെട്ടു. വേദിയിൽ വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യ പോസ്റ്ററും പതിപ്പിച്ചിരുന്നു.

വെനസ്വേലൻ ജനതക്കൊപ്പമെന്ന് ഇന്ത്യ

അതേസമയം നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും അതീവ ആശങ്ക ഇന്ത്യ രേഖപ്പെടുത്തി. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.