കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയ്ക്ക്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. 

കുറ്റപത്രവും അനുബന്ധ മൊഴികളും മാധ്യമങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്ന് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെടുമെന്നാണ് വിവരം. കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്‍റെ ഗൂഡനീക്കമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നുണ്ട്.