കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം. ജയിലിനുള്ളില്‍വെച്ച് മറ്റു തടവുകാരാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ദിലീപിന് ജയിലിനുള്ളില്‍ പ്രത്യേകമായ മറ്റെന്തെങ്കിലും പരിഗണന നല്‍കാനാകില്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. മറ്റ് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ മാത്രമെ ദിലീപിന് നല്‍കാനാകുവെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. രാവിലെ ആറരയോടെയാണ് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പത്തൊമ്പതോളം തെളിവുകളാണ് ദിലീപിനെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്.