ദില്ലി: അണ്ണാ ഡിഎംകെയിലെ രണ്ടില ചിഹ്നം പളനി സ്വാമി-ഒ പനീര്‍ ശെല്‍വം വിഭാഗത്തിന് അനുവദിച്ചതിനെതിരെ ടി.ടി.വി.ദിനകരൻ ദില്ലി ഹൈക്കോടതിയില്‍. ഹർജി അടിയന്തരമായി പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കോടതി ഫയലിൽ സ്വീകരിച്ചു. ദിനകരന്റെ അപ്പീൽ വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന. രണ്ടില ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല, ദിനകരൻ വിഭാഗത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളര്‍പ്പാണ് രണ്ടില ചിഹ്നത്തിന്റെ അവകാശത്തര്‍ക്കത്തിലെത്തിയത്. പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല വിഭാഗവും- ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി. ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി.
അതിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്കാന് ശ്രമിച്ചതിന് ടിടിവി ദിനകരന് അറസ്റ്റിലാകുകയും ചെയ്തു. ഒടുവില്‍ ഇരു വിഭാഗത്തിന്റെയും വാദം കേള്‍ക്കുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന് ഒപിഎസ്-ഇ-പിഎസ് പക്ഷത്തിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് കണ്ടെത്തി തീര്‍പ്പ് കല്പ്പിച്ചു.
