തമിഴ്നാട് എംഎല്‍എമാരുടെ അയോഗ്യത കേസില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത
ചെന്നൈ: തമിഴ്നാട് എംഎല്എമാരുടെ അയോഗ്യത കേസില് ജഡ്ജിമാര്ക്കിടയില് ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്ജി സ്പീക്കറുടെ തീരുമാനം ശരിവച്ചു. അതേസമയം, ജസ്റ്റിസ് എം സുന്ദര് വിയോജിച്ചു. തുടര്ന്ന് കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഒരു ബഞ്ചില് രണ്ട് അഭിപ്രായം വന്ന സാഹചര്യത്തിലാണ് നടപാട്.
തമിഴ്നാട്ടില് ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്എമാരെ സ്പീക്കർ അയോഗ്യരാക്കിയ കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 18 നാണ് ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല് എമാരെ സ്പീക്കർ പി ധനപാലൻ അയോഗ്യരാക്കിയത്. നേരത്തെ എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ സാധിക്കില്ലെന്ന് കാണിച്ച് എം എല് എമാർ ഗവർണറെ സമീപിച്ചിരുന്നു. ഇതിനെതിരെ ചീഫ് വിപ്പ് എസ് രാജേന്ദ്രൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി. ദിനകരപക്ഷത്തെ 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുക്കാനും ഭരണം നിലനിർത്താൻ വേണ്ട മാന്ത്രികസംഖ്യ 108 ആയി കുറയ്ക്കുവാനും എ ഐ ഡി എംകെക്ക് സാധിച്ചു. അന്ന് 117 പേരായിരുന്നു ഭരണപക്ഷത്ത്.പക്ഷെ ആർ കെ നഗർ തെരഞ്ഞെടുപ്പില് ടിടിവി ദിനകരൻ നേടിയ മിന്നുംജയം സാഹചര്യങ്ങള് മാറ്റി മറച്ചു.
നിലവില് ഇ പി എസ് ഒപിഎസ് പക്ഷത്തുള്ളത് 111 എം എല് എമാർ മാത്രം. 3 അണ്ണാ ഡിഎംകെ എം എല് എമാർ ഇപ്പോള് പരസ്യമായി ദിനകരപക്ഷത്താണ്. അയോഗ്യത റദ്ദാക്കിയാല് ദിനകരപക്ഷത്ത് 22 എം എല് എമാരാകും.രണ്ടില ചിഹ്നത്തില് മത്സരിച്ച 3 സ്വതന്ത്യഎംഎല്എമാരാകട്ടെ ഇപ്പോള് സർക്കാറിനൊപ്പവുമില്ല.പ്രതിപക്ഷത്തിന്റെ 98 പേർക്കൊപ്പം ദിനകരപക്ഷം കൂടി ചേർന്നാല് സർക്കാർ നിയമസഭയില് ന്യൂനപക്ഷമാകും. അതേസമയം അയോഗ്യരാക്കിയ നടപടി കോടതി അംഗീകരിച്ചാല് 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
