തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. എഐഎഡിഎംകെ കൗണ്‍സില!റിന്റെ മകന്‍ കൂടിയായ ചന്ദ്രമോഹന്‍ എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്. അക്രമി സംഘത്തിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ദിണ്ഡിഗലില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബാലന്‍ എന്ന് വിളിക്കുന്ന ചന്ദ്രമോഹന്‍ വലിയ കടത്തില്‍പ്പെട്ടിരുന്നു. 

സ്ഥാപനം മുമ്പോട്ട് കൊണ്ടുപോകാന്‍ ആകാതെ വന്ന സാഹചര്യത്തില്‍ സ്ഥാപനം പൂട്ടി ഇപ്പോള്‍ വെറുതെയിരിക്കുകയായിരുന്നു ചന്ദ്രമോഹന്‍. ദിണ്ഡിഗലിലെ വീട്ടില്‍നിന്ന് ഒരു സുഹൃത്തിനെ കാണാന്‍ പോകുന്ന വഴിക്കാണ് ആക്രമണമുണ്ടായത്. നിറയെ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സന്നസി സേര്‍വൈ തെരുവില്‍ വച്ചായിരുന്നു കൊലപാതകം. 

ചന്ദ്രമോഹനെ നിരവധി തവണ വെട്ടിപ്പരുക്കേഷപ്പിച്ച ശേഷം അക്രമി സംഘം സംഭവ സ്ഥലത്തുനിന്ന് കടന്നു. ചന്ദ്രമോഹനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എഐഎഡിഎംകെ കൗണ്‍സിലറായ സരോജയുടെ മകനാണ് ചന്ദ്രമോഹന്‍.

പണമിടപാടുമായി ബന്ധപ്പെട്ട ശത്രുതയാണോ രാഷ്ട്രീയ വൈര്യമാണോ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അക്രമി സംഘത്തെ പിടികൂടാന്‍ 2 പ്രത്യേക സംഘത്തെ പൊലീസ് രൂപീകരിച്ചു. ക്വട്ടേഷന്‍ സംഘമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക അനുമാനം.