പാലക്കാട്: നെഹ്റു കോളജ് മാനേജ്മെന്‍റിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും മാനേജ്മെന്‍റിന് ഒരേ നയം. വൈസ് പ്രിന്‍സിപ്പാളിന്റെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതെന്നും അധ്യാപകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നെഹ്റു എഞ്ചിനീയറിങ് കോളജില്‍ മൂന്ന് വര്‍ഷം അധ്യാപകനായിരുന്ന വ്യക്തിയാണ് ശിവശങ്കര്‍ , ആദ്യദിവസം മുതല്‍ വൈസ്പ്രിന്‍സിപ്പാളിന്‍റെ പീഡനത്തിന് ഇരയാകേണ്ടി വന്ന അനുഭവമാണ് ശിവശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പങ്കുവച്ചത്.
ഇടിമുറിയെക്കുറിച്ച് കൃത്യമായിറിയില്ലെങ്കിലും വൈസ് പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍ ശാരീരികമായി ഉപദ്രവമേല്‍ക്കേണ്ടി വന്ന വിവരം കുട്ടികള്‍ പലരും തന്നോട് പറഞ്ഞിട്ടുണ്ട്. നിസാര കാര്യങ്ങള്‍ക്ക് പോലും മണിക്കൂറുകള്‍ നീളുന്ന ചീത്തവിളിയും ഭീഷണിയും. തനിക്ക് ഉണ്ടായ അവസ്ഥ തന്നെയാണ് ജിഷ്ണു പ്രണോയ്ക്കും നേരിടേണ്ടി വന്നത്.
കൃത്യമായ അന്വേഷണങ്ങളുണ്ടായാല്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍ വെളിച്ചത്തുവരുമെന്നും ശിവശങ്കര്‍ പറയുന്നു. നെഹ്റു എഞ്ചിനീയറിങ് കോളജില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിന് പിന്നാലെ മാനേജ്മെന്‍റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്.
