തിരുവനന്തപുരം: ലോ കോളേജ് സമരത്തിന്റെ മറവില്‍ കോ ലീ ബി സഖ്യത്തിനുള്ള കരുക്കളാണ് ബിജെപി നീക്കിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദത്തോടുള്ള പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. കോ ലീ ബി സഖ്യത്തില്‍ സിപിഐ വീഴില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സി പി ഐ അല്ല എ ഐ എസ് എഫാണ് ലോ അക്കാദമിയില്‍ സമരം ചെയ്തത്. വഴിയില്‍ കിടക്കുന്ന തൊപ്പിയെടുത്ത് തലയില്‍ വയ്ക്കാന്‍ തങ്ങളില്ലെന്നും കാനം രാജേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോലീബി സഖ്യത്തിനുള്ള ബിജെപിയുടെ നീക്കത്തില്‍ ചിലര്‍ വീണുപോയെന്നാണ്, സിപിഐയെ ലക്ഷ്യമിട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞത്.

അതേസമയം കൊലീബി സഖ്യമല്ല, സിബി സഖ്യമാണിപ്പോള്‍ സംസ്ഥാനത്തുളളതെന്ന് കെ മുരളീധരന്‍. ലോ അക്കാദമി ഭരണം കൈപ്പിടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലോ അക്കാദമിയിലെ സര്‍ക്കാര്‍ ഭൂമി റവന്യു വകുപ്പ് റിപ്പോര്‍ട്ടനുസരിച്ച് തിരിച്ചെടുക്കണം. ലോ അക്കാദമി വിഷയത്തില്‍ സിപിഐ സ്വീകരിച്ച നിലപാട് പ്രശംസനീയം. നിലപാട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളി പറഞ്ഞു. ലോ അക്കാദമി സമരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച അബ്ദുള്‍ ജബാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.