റിയാദ്: സൗദി തൊഴില്‍ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സൗദി ശൂറാകൌണ്‍സില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഭേതഗതിയുടെ പ്രധാന ലക്ഷ്യമെന്നു കൌണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. തൊഴില്‍ നിയമത്തിലെ 75, 77, 214 വകുപ്പുകള്‍ ഭേതഗതി ചെയ്യണമെന്നാണ് ശൂറാ കൌണ്‍സില്‍ അംഗങ്ങളുടെ ആവശ്യം. 

സ്വദേശികളെ ജോലിക്ക് വെക്കുന്നതും പിരിച്ചു വിടുന്നതുമാണ് പ്രധാനമായും ഈ വകുപ്പുകള്‍ പ്രതിപാദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമം ഭേതഗതി ചെയ്യാനുള്ള നിര്‍ദേശം വന്നത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് അവസാനിപ്പിക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദേശമെന്ന് കൌണ്‍സില്‍ അംഗം മുഹമ്മദ്‌ അല്‍ കുനൈസി പറഞ്ഞു. 

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ജോലി സമയം ആഴ്ചയില്‍ നാല്‍പ്പത് മണിക്കൂറായി നിജപ്പെടുത്തണം. ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രമേ അനുവദിക്കാവൂ. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കാനും അംഗങ്ങള്‍ നിര്‍ദേശിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ശൂറാ കൌണ്‍സില്‍ യോഗം ചേരുന്നത്. 

അതേസമയം സ്വകാര്യ ബിസിനസ് രംഗത്ത് വിദേശികളുടെ ആധിപത്യമാണെന്ന് ശൂറാ കൌണ്‍സില്‍ അംഗം ഖസീം അല്‍ ഖാലിദി പറഞ്ഞു. തൊഴില്‍ വിസയില്‍ കഴിയുന്ന നിരവധി വിദേശികള്‍ നിയമവിരുദ്ധമായി ബിസിനസ് നടത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.