ഏഴാം കേന്ദ്ര ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് വിലയിരുത്തല്‍. ശമ്പള കമ്മീഷന്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലാണ് ഇത്തരമൊരു വിലയിരുത്തല്‍ ഉയര്‍ന്നു വന്നത്.

പാര്‍ലമെന്റില്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ കൃത്യമായ ആവശ്യങ്ങളും പരാതികളും ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഉയര്‍ന്ന സൈനിക മേധാവികളായിരുന്നവരുടെ സാന്നിധ്യത്തില്‍ ഏഴാം ശമ്പളകമ്മീഷന്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്തത്. മുന്‍ ശമ്പളക്കമ്മീഷനുകളുടെ ആവര്‍ത്തനം മാത്രമാണ് ഏഴാം ശമ്പളക്കമ്മീഷനെന്ന് സെമിനാറില്‍ വിമര്‍ശനമുയര്‍ന്നു. സൈനികരുടേയും വിമുക്തഭടന്മാരുടേയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പുതിയ ശമ്പളകമ്മീഷന്‍ ശുപാര്‍ശകളും പരിഹരിക്കുന്നില്ലെന്നും വിലയിരുത്തലുണ്ടായി. സൈനികരുടെ വിഷയങ്ങള്‍ ഏറെ പ്രാധാന്യത്തോടെ സഭയില്‍ അവതരിപ്പിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു സെമിനാര്‍.