Asianet News Malayalam

പ്രളയദുരിതാശ്വാസത്തിന്‍റെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി; മറുപടിക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  ദുരിതാശ്വാസത്തുക കൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മറുപടിയിൽ തൃപ്തിയില്ലെന്ന് പറഞ്ഞ് പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

discussion over flood help in kerala assembly opposition walks out
Author
Thiruvananthapuram, First Published Dec 5, 2018, 5:19 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് കണക്കുകൾ നിരത്തി മറുപടി പറ‌ഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതാശ്വാസത്തിന് തുക നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിയ്ക്കുന്ന അവഗണനയ്ക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് പ്രതിപക്ഷത്തിന് തോന്നിയ വീണ്ടുവിചാരം സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ നൽകിയ നഷ്ടപരിഹാരത്തുകയുടെ വിശദാംശങ്ങളും ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്‍റെയും റിപ്പോർട്ടുകളുടെ കണ്ടെത്തലുകളും മുഖ്യമന്ത്രി സഭയിൽ വായിച്ചു. 

സാലറി ചാലഞ്ചിൽ നിന്ന് 1500 കോടി പ്രതീക്ഷ

സാലറി ചാല‍ഞ്ചുൾപ്പടെയുള്ള പദ്ധതികൾക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നതിനെയും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ വിമർശിച്ചു. പ്രളയപുനർനിർമാണപദ്ധതികൾ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. 1500 കോടി രൂപയാണ് സാലറി ചാലഞ്ചിലൂടെ സമാഹരിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നത്. 

23/11/18 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2733 കോടി 70 ലക്ഷം രൂപയാണ് കിട്ടിയത്. ഇതിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് 488 കോടി 60 ലക്ഷം രൂപയാണ് സമാഹരിയ്ക്കപ്പെട്ടിട്ടുള്ളത്. സർക്കാർ ജീവനക്കാരിൽ 59.5 ശതമാനം ജീവനക്കാരും സാലറി ചാലഞ്ചിൽ പങ്കാളികളായിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ ദുരന്തപ്രതികരണനിധിയിൽ 989 കോടി രൂപയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

യുഎഇ ധനസഹായം നഷ്ടമായത് കനത്ത തിരിച്ചടി

യുഎഇയിൽ നിന്ന് ധനസഹായം നിഷേധിയ്ക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എം.എ.യൂസഫലി വ്യക്തമാക്കിയത് അനുസരിച്ചാണ് യുഎഇ ധനസഹായത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞത്. മുൻപ് ഗുജറാത്തിനും വിദേശധനസഹായം കിട്ടിയിട്ടുണ്ട്. യുഎഇ സഹായം കിട്ടിയതിന് പിറ്റേന്ന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതുമാണ്. യുഎഇ ധനസഹായം നൽകിയാൽ സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളും സഹായം നൽകിയേനെ. അങ്ങനെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രമേയം അവതരിപ്പിച്ചത് വി.ഡി.സതീശൻ

പ്രളയാനന്തരസഹായം വൈകുന്നത് സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. തുടർന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ചർച്ച തുടങ്ങാമെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും സഹായം കിട്ടാത്ത അർഹരായ ദുരിതബാധിതരുണ്ടെന്നും പ്രമേയത്തിൽ വി.ഡി.സതീശൻ വ്യക്തമാക്കി.

20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍‌കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് സര്‍ക്കാര്‍ നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുനർനിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍‌ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തില്‍ വിവേചനം കാണിച്ചുവെന്ന് ഒ. രാജഗോപാല്‍ ആരോപിച്ചു. എന്നാൽ ബിജെപിയ്ക്കൊപ്പം നിയമസഭയിൽ നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയ പി.സി.ജോർജ് എംഎൽഎ മുഖ്യമന്ത്രിയ്ക്ക് സർവാത്മനാ പിന്തുണയറിയിക്കുന്നുവെന്നാണ് വ്യക്തമാക്കിയത്.

മറുപടിയുമായി സജി ചെറിയാൻ

എന്നാല്‍, സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് സജി ചെറിയാൻ നിയമസഭയില്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന വി ഡി സതീശന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ചെങ്ങന്നൂരിൽ ദുരിതാശ്വാസത്തിന് അടിയന്തരമായി നടപടി വേണമെന്ന് വികാരഭരിതനായിത്തന്നെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചയാളാണ് സജി ചെറിയാൻ എംഎൽഎ. 

പ്രളയകാലത്ത് പത്രങ്ങളിൽ പടം വരാൻ ചളിയിലിറങ്ങി ഫോട്ടോ എടുക്കുകയല്ലേ കോൺഗ്രസ് ചെയ്തതെന്നായിരുന്നു മറ്റൊരു പ്രളയബാധിതപ്രദേശമായ റാന്നിയിലെ എംഎൽഎ രാജു എബ്രഹാമിന്‍റെ ചോദ്യം. 

മറുപടിയുമായി ചെന്നിത്തല

പ്രളയ ദുരിതാശ്വാസത്തില്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അടിയന്തര സഹായമായ 10000 രൂപ കിട്ടാത്തവർ ഏറെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നു. കേന്ദ്രത്തിൽ നിന്നും സഹായം നേടിയെടുക്കാൻ സംസ്ഥാനത്തിനായില്ല. സാലറി ചലഞ്ചിന്‍റെ പേരിൽ കേരളത്തിലെ ജീവനക്കാരെ രണ്ടു തട്ടിലാക്കിയെന്നും ചെന്നിത്തല പറഞ്ഞു. യുഎഇയിൽ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരുപറഞ്ഞുവെന്നും ചെന്നിത്തല ചോദിച്ചു. 

ഒടുവിൽ ഇറങ്ങിപ്പോക്ക്

അടിയന്തരപ്രമേയത്തിൻമേൽ ചർച്ച തുടരുന്നതിനിടെ ദുരിതാശ്വാസത്തുക കൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം പരിഗണിയ്ക്കാമെന്നും ചർച്ച തുടരട്ടെയെന്നും സ്പീക്കർ നിലപാടെടുത്തതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിയ്ക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios