കോട്ടയം: കെ.എം മാണിയെ യു.ഡി.എഫിൽ തിരികെയെത്തിക്കാൻ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു. മാണിയെ തിരഞ്ഞെടുപ്പിന് മുന്നേ മുന്നണിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. മാണി മടങ്ങിവരണമെന്നാണ് ജനാധിപത്യ ചേരിയുടെ ആഗ്രഹമെന്ന് ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷമാണ് കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത്. അതിനിടയിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്, വ്യക്തിപരമെന്ന വിശേഷണത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി വോട്ട് പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാൻ കേരള കോണ്‍ഗ്രസ് അവിടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. 

തിരഞ്ഞെടുപ്പ് കാലമല്ലാത്തതിനാൽ മാണിയെ നേരത്തെ അനുനയിപ്പിക്കാൻ മടിച്ച് നിന്ന് നേതാക്കളെല്ലാം ഇപ്പോള്‍ മലപ്പുറത്ത് നിന്ന് മാണിയെ യു.ഡി.എഫിലേയ്ക്ക് മടക്കി വിളിക്കുകയാണ്. കോണ്‍ഗ്രസിൽ പ്രത്യേകിച്ച ചെന്നിത്തലയെ കുറ്റം പറഞ്ഞ് മുന്നണി വിട്ടിറങ്ങിയ മാണിയെ ചെന്നിത്തല തന്നെ മലപ്പുറം വേദിയാക്കി തിരികെ വിളിച്ചു. 
തല്‍ക്കാലമില്ലെന്ന് മാണി പറയുമ്പോഴും പഴയതു പോലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തല്‍ക്കാലമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നില്ല . പകരം മാണിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിന് താനുണ്ടെന്ന് പ്രഖ്യാപിക്കുന്നു. നേരത്തെ അനുനയചര്‍ച്ചയ്ക്ക് പോയ സമയത്തെ ശരീരഭാഷയല്ല,ഇപ്പോള്‍ ഉമ്മൻ ചാണ്ടിക്കും. 

പ്രശ്നങ്ങളെല്ലാം തീര്‍ക്കാം ,മടങ്ങിവരൂ എന്നാണ് അദ്ദേഹവും മാണിയോട് ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പാപ്പരത്തമെന്ന് സി.പി.എം വിമര്‍ശനത്തിന് ഉമ്മന്‍ചാണ്ടി ഗൗരിയമ്മയെ ചൂണ്ടി മറുപടിയും നല്‍കുന്നു. തല്‍ക്കാലത്തേയ്ക്കില്ലെന്ന് പറയുന്ന മാണി തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് നയം വ്യക്തമാക്കുന്നതെന്ന് കൂടി ചേര്‍ക്കുന്നു. 

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെന്ന് പറഞ്ഞ് യു.ഡി.എഫിന് വോട്ടു കൊടുക്കുന്ന മാണി അത് മുന്നണിയിലേയ്ക്കുള്ള മടക്കത്തിനുള്ള പാലമാണെന്ന് വ്യാഖ്യാനത്തിന് ഇട നല്‍കുന്നു. യു.ഡി.എഫിലേയ്ക്ക് മടങ്ങണമെന്ന് അഭിപ്രായമുള്ള കേരള കോണ്‍ഗ്രസുകാര്‍ക്ക് മലപ്പുറം പിന്തുണ നല്ല ലക്ഷണമായും തോന്നുന്നു.