സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീരഗാഥ ലണ്ടനിലെ സാന്പത്തിക കേന്ദ്രമായ കാനറി വാര്‍ഫിന്റെ ചുമരുകളിലും
ദില്ലി: കലിതുള്ളി മഴ ഇരന്പിയാര്‍ത്തപ്പോള്‍ കേരളം നേരിട്ടത് നൂറ്റാണ്ടിന്റെ തന്നെ മഹാപ്രളയമായിരുന്നു. കുത്തിയൊലിച്ചെത്തിയ മഹാമാരി പിന്‍വാങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായത് നിരവധി ജീവിതങ്ങളും. ദുരിതപെയ്ത്തില്‍ ബാക്കിയാക്കിയവരെ മരണമുഖത്ത് നിന്ന് ജീവത്തിലേക്ക് തിരിച്ചെത്തിച്ചത് കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍നിന്ന കടലിന്‍റെ മക്കളായ മത്സ്യത്തൊഴിലാളികളാണ്.
സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീരഗാഥ ലണ്ടനിലെ സാന്പത്തിക കേന്ദ്രമായ കാനറി വാര്‍ഫിന്റെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാനറി വാര്‍ഫ് കെട്ടിടത്തിന്റെ ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള റോയിട്ടേഴ്‌സിന്റെ വാര്‍ത്താ ബോര്‍ഡിലാണ് അവരുടെ വാർത്തകൾ തെളിഞ്ഞത്.
മഹാപ്രളയത്തില്‍നിന്ന് സ്വന്തം ജീവന്‍ പണയംവച്ച് ആയിരങ്ങളെ രക്ഷപ്പെടുത്തിയവര്‍ക്ക് ലോകമെങ്ങു നിന്നും നന്ദിയും അഭിനന്ദനവും ഇപ്പോഴും വന്ന് കൊണ്ടിരിക്കുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ന്യൂസ് സ്‌ക്രോളില്‍ തെളിയുന്നത്.
ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൗണ്ടില്ലാത്ത ഇവര്‍ ഇന്ന് ഇതേ മാധ്യമങ്ങളില്‍ തന്നെ വീരനായകന്‍മാരായി നിറഞ്ഞുനില്‍ക്കുകയാണ്. ഒട്ടും പരിചിതമല്ലാത്ത നാടുകളിലെത്തി തിരികെ ഒന്നും പ്രതീക്ഷിക്കാതെ കടലോളങ്ങളിലേക്ക് തിരിച്ചിറങ്ങിയ ഈ സൈന്യത്തെ ലോകം മുഴുവനും ഇന്ന് അഭിനന്ദിക്കുകയാണ്.
