തിരുവനന്തപുരം: പൊലീസുകാരിൽ നിന്നും മൂന്നാം മുറയോ മോശം പെരുമാറ്റമോ ഉണ്ടായാൽ ഉത്തരവാദി ജില്ലാ പൊലീസ് മേധാവിയായിരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. നിയമവിരുദ്ധമായ പ്രവർത്തി തെളി‍ഞ്ഞാൽ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കും. കസ്റ്റഡിയിലെടുക്കുന്നവർക്ക് നല്ല ഭക്ഷണം നൽകണമെന്നും ജില്ലാ പൊലീസ് മേധാവിമാർ‍ക്കയച്ച കത്തിൽ ഡിജിപി പറയുന്നു.

പൊലീസുകാരുടെ പെരുമാറ്റത്തെകുറിച്ചും മൂന്നാം മുറയെ കുറിച്ചും പരാതി പെരുകിയ സാഹചര്യത്തിലാണ് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും  ഡിജിപി കത്ത് നൽകിയത്. പൊലീസുകാർക്കെതികായ പരാതികളെ കുറിച്ച് ജില്ലാ പൊലീസ് മേധാവികള്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ല. പൊലീസ് സ്റ്റേഷനുകളിൽ പരിശോധനയും നടത്തുന്നില്ലെന്ന് ഡിജിപി കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ്  ഏഴ് നിർ‍ദ്ദേശങ്ങള്‍ ഡിജിപി പുറത്തിറക്കിയത്.

മോശം പെരുമാറ്റം പൊലീസുരോട് സമൂഹത്തിന് അവമതിപ്പുണ്ടാക്കും. കസ്റ്റഡിയിലെടുത്ത് പ്രതിയെ ഉടൻ വൈദ്യപരിശോധന നടത്തണം. സ്റ്റേഷനുകളിൽ പ്രാഥമിക ചികിത്സക്കുള്ള സംവിധാനങ്ങള്‍ വേണം. എല്ലാ ലോക്കപ്പുകളിലും സിസിടിവേണം. സിസിടിവി സ്ഥാപിക്കാത്ത ലോക്കപ്പുകളിൽ ഉടൻ സ്ഥാപിക്കണം. ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് എസ്‌പിമാർ ഉറപ്പു വരുത്തണം. കസ്റ്റഡയിലുള്ളവർക്ക് നല്ല ഭക്ഷണം നൽകണം.  പ്രതികളെ ലോക്കപ്പിലടക്കുന്നതിന് മുമ്പ് ലഹരിവസ്തുക്കള്‍ കൈവശമുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ ഡിവൈഎസ്‌പിമാരും അവരുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ആഴ്ചയിൽ ഒരു പ്രാവശ്യം മിന്നൽ പരിശോധന നടത്തുകയും കസ്റ്റഡിയിലുള്ളവരോട് കാര്യങ്ങള്‍ തിരിക്കുകയും വേണം.

ഉദ്യോഗസ്ഥർക്കെതിരെ പരാതിയുണ്ടെങ്കിൽ അന്വേഷണം നടത്തി നടപടി ഉടനുണ്ടാക്കണം. ജില്ലാ പൊലീസ് മേധാവിയും ഐജിയും എഡിജിപിമാരും സ്റ്റേഷനുകളിൽ പരിശോധ നടത്തണം. പൊലീസ് രൂപീകരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിലും ഹെൽപ്പ് ലൈൻ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കിൽ  അറിയിക്കാമെന്നും നവംബർ 24ന് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.