വരാണസി: സ്കൂളിലെ സീനീയര്‍ വിദ്യാര്‍ത്ഥി പീഡിപ്പിച്ചതില്‍ മനംനൊന്ത് 13 വയസുകാരി ആത്മഹത്യ ചെയ്തു. സ്കൂള്‍ ബസില്‍ വെച്ച് വിഷം കഴിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, വൈകുന്നേരം വീട്ടിലെത്തി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
സ്കൂളിലെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി പീഡിപ്പിക്കുന്നുവെന്ന് കുട്ടി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് ഗൗരവമായെടുത്തില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ഓടെയാണ് കുട്ടി സ്കൂള്‍ വിട്ട് വീട്ടിലെത്തിയത്. തുടര്‍ന്ന് ക്ഷീണവും അവശതയും കണ്ടതോടെ വീട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. സ്കൂള്‍ ബസില്‍ വെച്ച് തന്നെ വിഷം കഴിച്ചതായാണ് പൊലീസിന്റെ നിഗമനം. സ്കൂളില്‍ വെച്ച് ശാരീരിക പീഡനമാണോ മാനസിക പീഡനമാണോ കുട്ടിയ്‌ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
