ഒരു കോടി 30 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിലുള്ളത്. നോട്ടുകള്‍ അസാധുവാക്കിയ എട്ടാതിയതിക്ക് ശേഷം മൂന്ന് ദിവസം ബാങ്കിടപാടുകള്‍ നടന്നെങ്കിലും പതിനാലാം തീയതി മുതല്‍ സഹകരണ ബാങ്കിംഗ് മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മറ്റ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളെ മാത്രം മാറ്റിനിര്‍ത്തുന്നത് വിവേചനപരമാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്. അടിയന്തിരമായി നോട്ടുകള്‍ മാറ്റിനല്‍കാനുള്ള അനുമതിയും ബാങ്കിടപാടുകള്‍ സാധാരണ നിലയിലാക്കാനുള്ള നിര്‍ദ്ദേശവും വേണമെന്ന് ഹര്‍ജിയില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട് സഹകരണ ബാങ്കുകളും സമാനമായ ആവശ്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജിക്കൊപ്പം കേരളത്തിലെ ബാങ്കുകളുടെ ഹര്‍ജിയും വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ബെഞ്ച് പരിഗണിക്കും. 

100 രൂപയ്ക്ക് മുകളിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇതിനിടെ ബി.ജെ.പി നേതാവ് അശ്വനിഉപാദ്ധ്യയ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹ ആവശ്യത്തിന് പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവിറക്കുന്നത് ദില്ലി ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു.