ഭോപ്പാല്‍: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുകഴ്‌ത്തിയ ജില്ലാ കളക്‌ടറെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. മദ്ധ്യപ്രദേശിലെ ബര്‍വാണി ജില്ലാ കളക്‌ടര്‍ അജയ് ഗംഗ‌്‌വറിനെയാണ് സ്ഥലംമാറ്റിയത്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കാണ് അജയ് ഗംഗ്‌വറിനെ മാറ്റിയത്. 1947ല്‍ ഹിന്ദു താലിബാനിസത്തില്‍നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചത് നെഹ്‌റുവിന്റെ നിലപാടുകളാണെന്നായിരുന്നു അജയ് ഗംഗ‌്‌വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഐഐടി, ബാര്‍ക്, ഐഐഎം, ഭെല്‍, സ്റ്റീല്‍ പ്ലാന്റുകള്‍, അണക്കെട്ടുകള്‍ തുടങ്ങിയവ തുടങ്ങിയത് നെഹ്‌റുവിന്റെ തെറ്റായിരുന്നോവെന്നും അജയ് ഗംഗ‌്‌വറിന്റെ കുറിപ്പിലുണ്ട്. ആസാറാമിനെയും രാംദേവിനെയും പോലെയുള്ളവരുടെ സ്ഥാനത്ത്, സാരാഭായ്, ഹോമി ജഹാന്‍ഗിറിനെയുമൊക്കെ ആദരിച്ചത് നെഹ്‌റുവിന്റെ തെറ്റായിരുന്നുവോയെന്നും, മോദി സര്‍ക്കാരിനെതിരെ ഒളിയമ്പ് എയ്‌തുകൊണ്ട് അജയ് ഗംഗ‌്‌വര്‍ ചോദിക്കുന്നുണ്ട്. ഇതൊക്കെയാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്‌ടര്‍ സ്ഥാനത്തുനിന്ന് അജയ് ഗംഗ‌്‌വറിനെ സ്ഥലംമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.