കോൺഗ്രസ് മീഡിയ സെൽ തലപ്പത്തു നിന്ന് ദിവ്യ സ്പന്ദന രാജി വച്ചതായി റിപ്പോർട്ട്. സീ ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്.

ദില്ലി: കോൺഗ്രസ് മീഡിയ സെൽ തലപ്പത്തു നിന്ന് ദിവ്യ സ്പന്ദന രാജി വച്ചതായി റിപ്പോർട്ട്. സീ ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്ന ദിവ്യയുടെ ട്വിറ്റർ ഹാൻഡിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിശ്ശബ്ദമാണ്. ദിവ്യയുടെ പ്രൊഫൈൽ ബയോ വിവരങ്ങളും നീക്കം ചെയ്ത നിലയിലാണ്. പാർട്ടിയിൽ മറ്റേതെങ്കിലും ഒരു സുപ്രധാന പദവി ദിവ്യയ്ക്ക് നൽകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കോൺഗ്രസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ആഴ്ച മോദിയെ കള്ളനെന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. എന്നാൽ ഇതിന് ശേഷവും തന്‍റെ നിലപാട് തിരുത്താൻ തയ്യാറാകാതിരുന്ന ദിവ്യ വീണ്ടും മോദിയുടെ നെറ്റിയിൽ ‘ചോർ’ അഥവാ ‘കള്ളൻ’ എന്നെഴുതിയ ചിത്രം വീണ്ടും ട്വീറ്റ് ചെയ്തു. എന്നാൽ ദിവ്യയുടെ രാജിവാർത്ത അടിസ്ഥാനരഹിതമാണെന്നും ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.