പെെതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ട്വീറ്റ് ഇതിനകം തരംഗമായി കഴിഞ്ഞു

ദില്ലി: ഇന്ധന വില വര്‍ധനയില്‍ ബിജെപിയുടെ പ്രചാരണങ്ങളെ ട്രോളി മുന്‍ എംപിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദന( രമ്യ). ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയുമുണ്ടെന്ന് പരിഹസിച്ചാണ് ദിവ്യ ട്വീറ്റ് ചെയ്തത്.

പെെതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ട്വീറ്റ് ഇതിനകം തരംഗമായി കഴിഞ്ഞു. പെെതഗോറസ് സിദ്ധാന്തവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെയും ന്യൂട്ടന്‍റെയും സമവാക്യവും ഇന്ധന വില വര്‍ധനയില്‍ ബിജെപിയുടെ ബാര്‍ ഡയഗ്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളെന്ന് അടിക്കുറിപ്പും നല്‍കി. യുപിഎ കാലത്തെയും മോദി ഭരണത്തിലെയും ഇന്ധന വില കാണിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ബിജെപി ട്വീറ്റ് ചെയ്തത്.

വിവിധ വര്‍ഷങ്ങളിലെ ദില്ലിയിലെ ഇന്ധന വിലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു പ്രചാരണം. മോദി ഭരണകാലത്ത് പെട്രോള്‍ വില 13 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ബിജെപി ട്വീറ്റിലൂടെ അവകാശപ്പെട്ടു.

42ഉം 83.7 ശതമാനവുമുള്ള വില വര്‍ധനയാണ് കുറഞ്ഞതെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍, ബിജെപിയുടെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസും തൊട്ട് പിന്നാലെ രംഗത്തെത്തിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയില്‍ വിലയും ഇന്ധന വിലയും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് മറുപടി നല്‍കിയത്.

Scroll to load tweet…