ബിജെപി സര്‍ക്കാരിന്റെ വരവ് തടയാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച ഡി.കെ.ശിവകുമാറിന്റെ പൊളിറ്റിക്കല്‍ ഗ്രാഫ് ഇനി മുകളിലേക്കായിരിക്കും
ബെംഗളൂരു: നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയപ്രതിസന്ധികള്ക്കും കുതിരക്കച്ചവടത്തിനും ഒടുവില് ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ രാജിവച്ചൊഴിഞ്ഞപ്പോള് അസാധാരണമായൊരു പോരാട്ടം ജയിച്ചു കയറിയ ആവേശത്തിലാണ് കോണ്ഗ്രസ് പ്രവര്ത്തകരും നേതാക്കളും. തങ്ങളുടെ ചിഹ്നത്തില് മത്സരിച്ചു ജയിച്ച രണ്ട് നേതാക്കളെ ബിജെപി റാഞ്ചിയതുള്പ്പടെ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചാണ് കോണ്ഗ്രസ് വിശ്വാസവോട്ടെടുപ്പ് വിജയിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്.
മോഹനവാഗ്ദാനങ്ങളും ചിലഘട്ടത്തില് ഭീഷണിതന്നെയും കോണ്ഗ്രസ് വിടാന് എംഎല്എമാര്ക്ക് ലഭിച്ചെങ്കിലും കൂടുതല് എംഎല്എമാര് മറുകണ്ടം ചാടുന്നത് തടയാന് പാര്ട്ടിക്ക് സാധിച്ചത് ഡി കെ ശിവകുമാര് എന്ന കരുത്തനായ നേതാവ് നടത്തിയ ചടുല നീക്കങ്ങള്മൂലമാണ്.
കര്ണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അറിയപ്പെടുന്ന ഡി കെ ശിവകുമാര് മുന്മുഖ്യമന്ത്രി ജെ.സിദ്ധരാമയ്യയുടെ വലംകൈയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ആര്ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഏതുവഴിക്കും കര്ണാടകയില് ബിജെപി അധികാരത്തിലെത്തും എന്ന് കോണ്ഗ്രസിന് ഉറപ്പായിരുന്നു. ഇത് മുന്നില് കണ്ടാണ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള രാഷ്ട്രീയനീക്കം കോണ്ഗ്രസില് നിന്നുണ്ടായത്.
എന്നാല് കൂടുതല് എംഎല്എമാരുള്ള ജെഡിഎസ്- കോണ്ഗ്രസ് സഖ്യത്തെ അവഗണിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്ക്കാരുണ്ടാക്കാന് ഗവര്ണര് ക്ഷണിച്ചതോടെ കളി മാറി. ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാവാന് അനുവദിച്ച ഗവര്ണര് ഭൂരിപക്ഷം തെളിയിക്കാന് അദ്ദേഹത്തിന് രണ്ടാഴ്ച്ച സമയവും നല്കി. ഇതോടെ തങ്ങളുടെ എംഎല്എമാരെ എതിര്പക്ഷം ചാക്കിട്ട് പിടിച്ചേക്കും എന്ന് തിരിച്ചറിഞ്ഞ കോണ്ഗ്രസ് തങ്ങളുടെ ക്യാംപിലെ ചോര്ച്ച തടയാനുള്ള ദൗത്യം ഏല്പിച്ചത് മുന്ഊര്ജ്ജമന്ത്രി കൂടിയായ ഡി കെ ശിവകുമാറിനെയാണ്.
മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്ക്കുള്ളില് കോണ്ഗ്രസ് എംഎല്എമാരെ പാര്പ്പിച്ച ഈഗില് ഗാര്ഡന് റിസോര്ട്ടിനുള്ള പൊലീസ് സുരക്ഷ പിന്വലിപ്പിക്കുകയാണ് യെദ്യൂരപ്പ ആദ്യം ചെയ്തത്. ഇതോടെ എത്രയും പെട്ടെന്ന് അവരെ അവിടെ നിന്നും മാറ്റാന് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില് നീക്കം തുടങ്ങി. വയനാട്,കൊച്ചി, പുതുച്ചേരി തുടങ്ങിയ പല സ്ഥലങ്ങളും എംഎല്എമാരെ മാറ്റിപാര്പ്പിക്കാനായി പരിഗണിച്ചെങ്കിലും എംഎല്എമാരെ കൊണ്ടുപോകാനുള്ള ചാര്ട്ടേഡ് വിമാനത്തിന് ഡിജിസിഎ അനുമതി നിഷേധിച്ചതോടെ ഈ നീക്കം പാളി. പക്ഷേ അന്നേ ദിവസം രാത്രി മുഴുവന് എംഎല്എമാരേയും ബസില് കയറ്റി റോഡ് മാര്ഗ്ഗം ആന്ധ്രയിലെത്തിച്ചു. പിന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന് സുപ്രീംകോടതി ഉത്തരവിട്ട ശേഷമാണ് ഇവരെല്ലാം ബെംഗളൂരുവില് തിരിച്ചെത്തിയത്.
റിസോര്ട്ടിനുള്ളില് ഇരിക്കുമ്പോഴും കോണ്ഗ്രസ് എംഎല്എമാരെ തേടി ബിജെപി നേതാക്കളുടെ ഫോണ് കോളുകള് തുടര്ച്ചയായി എത്തിയെന്ന് കോണ്ഗ്രസ് വൃത്തങ്ങള് ആരോപിക്കുന്നു. മുഴുവന് കോണ്ഗ്രസ് എംഎല്എമാരുടേയും ഫോണില് കോള് റെക്കോര്ഡര് ഇന്സ്റ്റാള് ചെയ്താണ് കോണ്ഗ്രസ് ഇതിനെ പ്രതിരോധിച്ചതെന്നാണ് ചില ദേശീയമാധ്യങ്ങള് റിപ്പോര്ട്ട് ചെയ്തത്. എംഎല്എമാരെ നേരില് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് വന്നപ്പോള് ഇവരുടെ ഭാര്യമാര് അടക്കമുള്ള കുടുംബാംഗങ്ങളെ തേടിയും വന്ഓഫറുകള് എത്തിയെന്നും കോണ്ഗ്രസ് നേതാക്കള് പറയുന്നു.
ഒപ്പമുള്ള എംഎല്എമാരെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മറുകണ്ടം ചാടിയ എംഎല്എമാരെ തിരിച്ചു പിടിക്കാനും ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില് നേതാക്കള് കഠിനപ്രയ്തനം നടത്തി. ഇതിന്റെ ഫലമായാണ് വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകള് ബാക്കിനില്ക്കേ പ്രതാപ് ഗൗഡ പാട്ടീലിനെ തങ്ങളുടെ ക്യാംപില് തിരിച്ചെത്തിക്കാന് കോണ്ഗ്രസിന് സാധിച്ചത്.
വിശ്വാസവോട്ടെടുപ്പിന് മുന്പുള്ള എംഎല്എമാരുടെ സത്യപ്രതിജ്ഞയ്ക്ക് കോണ്ഗ്രസിന്റെ പ്രതാപ് ഗൗഡ പാട്ടീല്, ആനന്ദ് സിംഗ് എന്നീ എംഎല്എമാര് എത്തിയിരുന്നില്ല. എന്നാല് നഗരത്തിലെ ഗോള്ഡ് ലോഞ്ച് റിസോര്ട്ടില് ഇവരുണ്ടെന്ന് വിവരം ലഭിച്ച ഡി കെശിവകുമാര് കോണ്ഗ്രസ് നേതാവ് ഉഗ്രപ്പയടക്കമുള്ളവരെ അങ്ങോട്ട് അയച്ചു. ഉഗ്രപ്പയേയും കെ സി വേണുഗോപാലിനേയും ഹോട്ടലിലെ സുരക്ഷാജീവനക്കാര് തടഞ്ഞെങ്കിലും അവരോട് വാക്പോര് നടത്തി അകത്തു കയറാന് നേതാക്കള്ക്ക് സാധിച്ചു. ഇതിന് ശേഷം എംഎല്എമാരുമായി നടത്തിയ ചര്ച്ചയിലൂടെയാണ് പ്രതാപ് ഗൗഡ പാട്ടീലിനെ തിരിച്ചെത്തിക്കാന് കോണ്ഗ്രസിന് സാധിച്ചത്.
തെരഞ്ഞെടുപ്പില് കോണ്ഗ്രസിനേറ്റ പരാജയവും ജെഡിഎസുമായി സഹകരിക്കുന്നതിലെ വിമുഖതയും മൂലം സിദ്ധരാമയ്യ പിന്നണിയിലേക്ക് മാറിയപ്പോള് കുമാരസ്വാമിക്കും കെപിസിസി പ്രസിഡന്റ ജി പരമേശ്വരയ്യക്കും ഒപ്പം നിന്ന് ബിജെപിക്കെതിരായ പോരാട്ടം മുന്നില് നിന്നു നയിച്ചത് ഡി കെ ശിവകുമാറാണ്. കന്നഡ- ദേശീയമാധ്യമങ്ങളുടെ വിപുലമായ സാന്നിധ്യമുണ്ടായിരുന്ന വിധാന്സഭയിലും ശനിയാഴ്ച്ച കുമാരസ്വാമിയേക്കാള് മാധ്യമശ്രദ്ധ ലഭിച്ചതും ഡി കെ ശിവകുമാറിന് തന്നെ.
നേരത്തെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയില് എംഎല്എമാരെ ചാക്കിട്ട് പിടിക്കാന് ബിജെപി ഇറങ്ങിയപ്പോള് അന്നും കോണ്ഗ്രസ് നേതൃത്വം അതിനെ പ്രതിരോധിച്ചത് ഡി കെ.ശിവകുമാറിന്റെ സഹായത്തോടെയാണ്. മുഴുവന് കോണ്ഗ്രസ് എംഎല്എമാരേയും ബെംഗളൂരുവിലെ ശിവകുമാറിന്റെ റിസോര്ട്ടിലേക്ക് മാറ്റിയാണ് കോണ്ഗ്രസ് പ്രതിരോധം തീര്ത്തത്. പ്രതിസന്ധികള് മറികടന്ന് രാജ്യസഭാ സീറ്റില് അഹമ്മദ് പട്ടേല് ജയിച്ചതോടെ ഡി കെ ശിവകുമാര് കോണ്ഗ്രസ് ദേശീയനേതൃത്വത്തിനും വിശ്വസ്തനായി മാറി. ആ വിശ്വാസമാണ് ഇപ്പോള് വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത്.
എന്തായാലും കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് പരാജയെപ്പെട്ടെങ്കിലും ബിജെപി സര്ക്കാരിന്റെ വരവ് തടയാന് മുന്നിട്ടിറങ്ങി പ്രവര്ത്തിച്ച ഡി കെ ശിവകുമാറിന്റെ പൊളിറ്റിക്കല് ഗ്രാഫ് ഇനി മുകളിലേക്കായിരിക്കും. വരാനിരിക്കുന്ന കുമാരസ്വാമി സര്ക്കാരിലും പ്രധാനപ്പെട്ടൊരു റോളില് കോണ്ഗ്രസിന്റെ ഈ വിശ്വസ്തനെ പ്രതീക്ഷിക്കാം.
