സഖ്യസര്‍ക്കാരിന്റെ ഏകോപന സമിതിയുടെ അധ്യക്ഷ പദവിയില്‍ സിദ്ധരാമയ്യ എത്തിയേക്കും.
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന് ജി.പരമേശ്വരയും ബുധനാഴ്ച്ച വിധാന് സൗധയ്ക്ക് മുന്നില് അധികാരമേല്ക്കും. സോണിയ ഗാന്ധി മുതല് മമതാ ബാനര്ജി വരെയുളള പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സാന്നിധ്യത്തിലാവും ജെഡിഎസ്-കോണ്ഗ്രസ് സര്ക്കാരിനെ നയിക്കാനായി ഇരുവരും അധികാരമേറ്റെടുക്കുക.
ഭിന്നതകളെ തത്കാലം പിന്നണിയിലേക്ക് മാറ്റിനിര്ത്തിയാണ് കുമാരസ്വാമി മന്ത്രിസഭ അധികാരത്തിലേറുന്നത്. വിശ്വാസവോട്ടിന് മുമ്പ് മന്ത്രിമാര് ആരൊക്കെ, വകുപ്പ് ഏതൊക്കെ എന്ന കാര്യത്തില് തീരുമാനം വേണ്ട എന്നാണ് ധാരണ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം വിധാന്സൗധയില് വൈകീട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ഉപമുഖ്യമന്ത്രി മാത്രം മതിയെന്ന് തീരുമാനമെടുത്ത കോണ്ഗ്രസ് ജി പരമേശ്വരയെ തെരഞ്ഞെടുത്തു.
34 അംഗ മന്ത്രിസഭയാണ് ജെഡിഎസ് കോണ്ഗ്രസ് സര്ക്കാരില് ഉണ്ടാവുക. ഇതില് മുഖ്യമന്ത്രി ഉള്പ്പെടെ 12 പേരാണ് ജെഡിഎസിന്. ഉപമുഖ്യമന്ത്രി ഉള്പ്പെടെ 22 പേര് കോണ്ഗ്രസിന്. സ്പീക്കര് പദവി കോണ്ഗ്രസിനാണ്. മുന് സ്പീക്കറും സിദ്ധരാമയ്യ സര്ക്കാരില് ആരോഗ്യമന്ത്രിയുമായ കെ ആര് രമേഷ് കുമാറാവും സ്പീക്കര് സ്ഥാനാര്ത്ഥി. ഡെപ്യൂട്ടി സ്പീക്കര് സ്ഥാനം ജെഡിഎസിനാണ്. വെളളിയാഴ്ച ഈ രണ്ട് സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കും. വ്യാഴാഴ്ചയാവും വിശ്വാസവോട്ടെടുപ്പ്.
29-ന് ശേഷം മാത്രമേ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുകയുളളൂ. പരമേശ്വര ഒഴിയുന്നതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി കെ ശിവകുമാര് എത്തിയേക്കും.അര്ഹിച്ച അംഗീകാരം അദ്ദേഹത്തിന് നല്കണമെന്ന വികാരം കോണ്ഗ്രസിലുണ്ട്. സഖ്യസര്ക്കാരിന്റെ ഏകോപന സമിതിയുടെ അധ്യക്ഷ പദവിയില് സിദ്ധരാമയ്യ എത്തിയേക്കും.
ബിജെപിക്കെതിരെ ദേശീയ തലത്തില് വിശാല ഐക്യനിര രൂപപ്പെടുന്നതിന്റെ ആദ്യചുവടാവും സത്യപ്രതിജ്ഞാ ചടങ്ങ്. സോണിയ,രാഹുല് എന്നിവരും പിണറായി മുതല് മമത ബാനര്ജി വരെയുളള മുഖ്യമന്ത്രിമാരും പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബെംഗളൂരുവിലെത്തി ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ടു. സത്യപ്രതിജ്ഞാ ചടങ്ങില് അദ്ദേഹം പങ്കെടുക്കില്ല. കോണ്ഗ്രസുമായി വേദി പങ്കിടാന് താത്പര്യമില്ലാത്തതുകൊണ്ടാണ് അദ്ദേഹം നേരത്തെയെത്തി ആശംസകള് അറിയിച്ചതെന്നാണ് സൂചന.
കര്ണാടകത്തിന്റെ 24ാം മത് മുഖ്യമന്ത്രിയായാണ് കുമാരസ്വാമി അധികാരമേല്ക്കുന്നത് . ദേവഗൗഡ കുടുംബത്തിലെ ആരും പ്രധാനമന്ത്രി പദവിയിലോ മുഖ്യമന്ത്രി പദവിയിലോ കാലാവധി പൂര്ത്തിയാക്കിയിട്ടില്ല. കുമാരസ്വാമി അത് തിരുത്തുമോ എന്ന് കണ്ടറിയണം. അഞ്ച് വര്ഷം കുമാരസ്വാമി തന്നെയാകുമോ എന്ന കാര്യത്തില് കോണ്ഗ്രസ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില് പ്രത്യേകിച്ചും.
