തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അയോഗ്യരാക്കിയതിനെതിരെ ടിടിവി ദിനകരൻ പക്ഷത്തെ എംഎൽഎമാർ നൽകിയ ഹർജിയിലും കോടതിയിൽ ഇന്ന് അന്തിമവാദം നടക്കും. ഇരുകേസുകളിലെയും വിധി എടപ്പാടി പളനിസ്വാമി സർക്കാരിന് നിർണായകമാണ്.
തനിക്കെതിരെയുള്ള എംഎൽഎമാരെ അയോഗ്യരാക്കി വിശ്വാസവോട്ടെടുപ്പിനെ നേരിടുക - തമിഴ്നാട്ടിൽ സർക്കാരിനെ നിലനിർത്താൻ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ നടത്തിയ ഈ നീക്കം നിയമപരമായി നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കും. വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ ഹർജിയിലും ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ ഹർജിയിലുമായി ഇന്ന് അന്തിമവാദമാണ് നടക്കുക. ഹൈക്കോടതിയിൽ പുതിയ നിയമനങ്ങൾ വന്നതിനാൽ ജസ്റ്റിസ് കെ രവിചന്ദ്രബാബുവിന്‍റെ പുതിയ സിംഗിൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. മുഖ്യമന്ത്രിക്ക് പിന്തുണ പിൻവലിച്ചതുകൊണ്ട് മാത്രം കൂറുമാറ്റനിരോധനനിയമപ്രകാരം 18 എംഎൽഎമാരെ അയോഗ്യരാക്കാൻ കഴിയുമോ എന്ന കാര്യം കോടതി വിശദമായി പരിശോധിക്കും. 2011 ൽ യെദ്യൂരപ്പ സർക്കാരിന്‍റെ കാലത്തെ സമാനമായ സുപ്രീംകോടതി ശക്തമായി ഉന്നയിക്കാനാകും ദിനകരൻ പക്ഷത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ശ്രമിയ്ക്കുക. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെയും നിയമസഭാസെക്രട്ടറിയുടെയും വിപ്പിന്‍റെയും നിലപാടുകൾ ഇന്ന് കോടതിയെ അറിയിക്കും. വാദം പൂർത്തിയായ ശേഷം വിധി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാനാണ് സാധ്യത. അത് വരെ വിശ്വാസവോട്ടെടുപ്പിൻമേലുള്ള സ്റ്റേയും തുടരും. സിംഗിൾ ബെഞ്ചിന്‍റെ വിധിയ്ക്കെതിരെ എടപ്പാടിയ്ക്ക് ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും വരെ അപ്പീൽ പോകാമെങ്കിലും യെദ്യൂരപ്പ കേസിൽ കൃത്യമായ ഒരു വിധിയുള്ളതിനാൽ അനുകൂല വിധി നേടിയെടുക്കുന്നത് എളുപ്പമാകില്ല. എന്തായാലും ഭരണഘടനപ്രകാരം സ്പീക്കറുടെ അധികാരപരിധി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഉതകുന്ന ഒരു നിർണായക കേസ് തന്നെയാകും ഇതെന്നുറപ്പ്.
