ചെന്നൈ മറീന ബീച്ച് കേന്ദ്രീകരിച്ച് ജെല്ലിക്കെട്ട് മോഡല്‍ സമരത്തിനാണ് ഡി.എം.കെ. പദ്ധതിയിടുന്നത് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ കക്ഷിയാണ് ഡി.എം.കെ.

ചെന്നൈ: കാവേരി വാട്ടർ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാതെ മടിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഡി.എം.കെയില്‍ ധാരണ. ചെന്നൈ മറീന ബീച്ച് കേന്ദ്രീകരിച്ച് ജെല്ലിക്കെട്ട് മോഡല്‍ സമരത്തിനാണ് ഡി.എം.കെ. പദ്ധതിയിടുന്നത്. കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ആറാഴ്ച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് പ്രതിഷേധ സമര നേതൃത്വം ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയുളള ഡി.എം.കെ. പദ്ധതി.

കാവേരി നദീജല പ്രശ്നത്തോടുളള തമിഴ്നാടിന്‍റെ വൈകാരിക സമീപനത്തെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിലൂടെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാമെന്നും ഡി.എം.കെ. കണക്കുകൂട്ടുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ കക്ഷിയാണ് ഡി.എം.കെ. പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് ധാരണ. പാർട്ടി പ്രവർത്തകരോടൊപ്പം കഴിയുന്നത്ര ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുളള പ്രതിഷേധ സമരമാവും ഡി.എം.കെ. നടത്തുകയെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിലൂടെ കേന്ദ്രസർക്കാരില്‍ കടുത്തസമ്മർദ്ദം സൃഷ്ടിക്കാമെന്നാണ് ഡി.എം.കെ കരുതുന്നത്.