സമരം കാരണം ദില്ലി മെട്രോ നിശ്ചലമാക്കും എന്നാണ് കരുതുന്നത്.

ദില്ലി: മെട്രോയിലെ 9,000 ജീവനക്കാർ നാളെ മുതൽ പണിമുടക്കും.ശമ്പളം വർദ്ധിപ്പിക്കുക, കുടിശ്ശിക തീർപ്പാക്കുക, യൂണിയൻ രൂപീകരിക്കാൻ അനുവദിക്കുക, തൊഴിലാളികളെ പിരിച്ചുവിടുന്നതിന് മാനദ‍ണ്ഡങ്ങൾ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡിഎംആർസി സ്റ്റാഫ് കൗൺസിൽ സമരം പ്രഖ്യാപിച്ചത്.

ട്രെയിൻ ഓപ്പറേറ്റർമാർ, സ്റ്റേഷൻ കണ്ട്രോളർമാർ തുടങ്ങിയ സാങ്കേതിക വിഭാഗം ജീവനക്കാരും ഉള്‍പ്പെട്ട പണിമുടക്ക് മെട്രോ സേവനത്തെ സാരമായി ബാധിക്കും. മെട്രോ സ്തംഭിക്കുമെന്നാണ് വിലയിരുത്തൽ. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തൊഴിലാളികളോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ ആവശ്യമെല്ലാം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കെജ്‍രിവാൾ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ എസ്മ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.