കേരള കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂര്‍-നെഞ്ചന്‍കോട് റെയില്‍വെ പാതയുടെ സര്‍വേ നടപടികളില്‍ നിന്നും ഡിഎംആര്‍സി പിന്‍മാറുന്നു. സര്‍വെ നടപടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ഡിഎംആര്‍സിയുടെ നടപടി. എന്നാല്‍ പാതക്ക് കര്‍ണാടകം അനുമതി നല്‍കാത്താതനാല്‍ ഡിഎംആര്‍സിക്ക് പണം കൈമാറാനാവില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.
നിലമ്പൂര്‍ നെഞ്ചന്ടകോട് റെയില്‍വെ പാതയുടെ വിശദമായ പദ്ധതി രേഖയും അന്തിമസ്ഥല നിര്‍ണ്ണയവും നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ചുമതലപെടുത്തിയത്. ഇതേത്തുടര്‍ന്ന് ഡിഎംആര്‍സി കേരളം കര്‍ണാടക സര്‍ക്കാരുകളുമായി പലതവണ ചര്‍ച്ചയും നടത്തി. എന്നാല്‍ ചുമതലയെടുത്ത് ഒരുവര്‍ഷമായിട്ടും അവശ്യമായ ഫണ്ടിന്റെ ആദ്യ ഗഡു പോലും നല്‍കിയില്ല. പാതയുടെ സര്‍വേക്കും പ്രവര്‍ത്തികള്‍ക്കുമായി കര്‍ണാടകം അനുമതി നല്‍കാത്താതിനാല്‍ ഡിഎംആര്‍സിക്ക് പണം കൈമാറാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍. ഇതോടെ പദ്ധതി മുന്നോട്ടുകോണ്ടുപോകാനാകില്ലെന്ന് ഡിഎംആര്‍സിയും സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കര്‍ണാടകം അനുമതി നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദത്തെ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി എതിര്‍ക്കുന്നു.
നിലമ്പൂര്‍ നെഞ്ചന്‍കോട് റെയില്‍വെ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള നീക്കമായാണ് ഇതിനെ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി കാണുന്നത്. ഈ പദ്ധതി ഉപേക്ഷിച്ച് മൈസൂര്‍ തലശേരി റെയില്‍വെ പാത ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായി സമരത്തിനിറങ്ങാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
