കോടതി തീരുമാനങ്ങള്‍ക്കും ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിനും ശേഷം മാത്രമേ ഡിഎന്‍എ പരിശോധന കര്‍ശനമായി നടപ്പാക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിയമ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അസദ് അല്‍ റുവൈഹ് പറഞ്ഞു. രാജ്യവ്യാപകമായി ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കിയുള്ള പുതിയ നിയമത്തിനെതിരേ ഭരണഘടനാ കോടതിയില്‍ പരാതി ലഭിച്ച സാഹചര്യത്തിലാണിത്. പ്രസ്തുത വിഷയത്തില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഇതുവരെയും മന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. ഭരണഘടനാ കോടതിയില്‍ പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഇത് പ്രതിരോധിക്കുമെന്നും, സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അല്‍ റുവൈഹ് പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. തീവ്രവാദി വേട്ടയ്ക്ക് പുറമെ വാഹനാപകടം, അഗ്‌നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് പദ്ധതി.

എന്നാല്‍ നിയമപരമായി ഡിഎന്‍എ വിവരം ശേഖരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടിരുന്നു. ഭീകരാക്രമണ ഭീഷണിയുള്ളതിനാലാണ് ഡിഎന്‍എ സാമ്പിള്‍ ശേഖരണത്തിനുള്ള നിയമം പാസാക്കിയതെന്ന് സഭയിലെ കുവൈറ്റ് അംബാസഡര്‍ ജമാല്‍ അല്‍ഘുനൈയിമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുമുണ്ട്.