ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 115-ൽ 58 സീറ്റുകൾ നേടി ബിജെപി ഒറ്റക്ക് ഭരണം ഉറപ്പിച്ചു. 33 സീറ്റുകളുമായി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം രണ്ടാമത്തെ വലിയ കക്ഷിയായപ്പോൾ, ശിവസേനയും കോൺഗ്രസും മോശം പ്രകടനം കാഴ്ചവച്ചു.

മുംബൈ: ഔറംഗാബാദ് (ഛത്രപതി സംഭാജിനഗർ) മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണം ഉറപ്പിച്ച് ബിജെപി. 115 സീറ്റുകളിൽ 58 എണ്ണവും ബിജെപി നേടിയാണ് ബിജെപി കേവല ഭൂരിപക്ഷമുറപ്പിച്ചത്. അതേസമയം, 33 സീറ്റുകൾ നേടി നഗരത്തിലെ പല പ്രധാന മേഖലകളിലും സ്വാധീനം ഉറപ്പിച്ചുകൊണ്ട് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം രണ്ടാമത്തെ വലിയ പാർട്ടിയായി. ശിവസേന 12 സീറ്റുകൾ നേടിയപ്പോൾ ശിവസേന (UBT) ആറ് സീറ്റുകൾ നേടി. വഞ്ചിത് ബഹുജൻ അഘാഡി നാല് സീറ്റുകൾ നേടി. കോൺഗ്രസും എൻ‌സി‌പിയും (ശരദ് പവാർ വിഭാഗം) ഓരോ സീറ്റ് വീതം നേടി. എൻ‌സി‌പി (അജിത് പവാർ വിഭാഗം) ഒരു സീറ്റും നേടിയില്ല.

സഖ്യഭരണം ഇല്ലാതാക്കി ബിജെപിക്ക് അനുകൂലമായ ഫലമാണ് ഉണ്ടായത്. 2015-ലാണ് ഇവിടെ മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ശിവസേന 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടർന്ന് 25 സീറ്റുകൾ നേടി എഐഎംഐഎം രണ്ടാം സ്ഥാനത്തെത്തി. ബിജെപി 22 സീറ്റുകൾ നേടി. കോൺഗ്രസ് 10 സീറ്റുകൾ നേടി. ബഹുജൻ സമാജ് പാർട്ടി അഞ്ച് സീറ്റുകൾ നേടി, എൻസിപി മൂന്ന് സീറ്റുകൾ നേടി, സ്വതന്ത്രരും മറ്റ് സ്ഥാനാർത്ഥികളും ചേർന്ന് 22 സീറ്റുകൾ എന്നിങ്ങനെയായിരുന്നു നില. അന്ന് ബിജെപിയും ശിവസേനയും ഒന്നിച്ചാണ് ഭരിച്ചത്.