പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ്. 

ദില്ലി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ജനുവരി 17) ഫ്ലാ​ഗ് ഓഫ് ചെയ്യും. മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് പച്ചക്കൊടി വീശും. തുടർന്ന്, ഉച്ചയ്ക്ക് 1.45-ന് മാൾഡയിൽ തന്നെ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

ആധുനിക ഇന്ത്യയുടെ വളരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, വിമാനയാത്രയ്ക്ക് സമാനമായ അനുഭവം കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ദീർഘദൂര യാത്രകൾ കൂടുതൽ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂർ കുറയ്ക്കുന്നതിലൂടെ, തീർത്ഥാടന വിനോദസഞ്ചാര മേഖലകൾക്കും ഇത് വലിയ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.

പുതുതലമുറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിൽ 16 കോച്ചുകളുണ്ടാകും. ആകെ 823 യാത്രക്കാര്‍ക്കാണ് ഇതിൽ സഞ്ചരിക്കാൻ കഴിയുക. 11 എസി 3-ടയർ കോച്ചുകളും, 4 എസി 2-ടയർ കോച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ട്രെയിനിൽ ഉണ്ടാകുക. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത കുഷ്യനിംഗുള്ള ബെർത്തുകൾ, നൂതന സസ്‌പെൻഷൻ സംവിധാനങ്ങൾ, ശബ്‌ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ദിവ്യാംഗ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവയെല്ലാം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രത്യേകതകളാണ്.

കവച് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, എമർജൻസി പാസഞ്ചർ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അത്യാധുനിക ഡ്രൈവർ ക്യാബ് തുടങ്ങി മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസുകൾ എത്തുന്നത്. എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്കരിച്ച ഇന്റീരിയറും തദ്ദേശീയ റെയിൽ എഞ്ചിനീയറിംഗിന്‍റെ പ്രാ​ഗത്ഭ്യം ഉയർത്തിക്കാട്ടുന്നു.