കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്ന് പുതിയ ഉത്തരവ്. ഇന്ത്യയിലല്ല, അങ്ങ് സ്വിറ്റ്സര്‍ലന്‍ഡിലാണ് പുതിയ ഉത്തരവ്. കൊഞ്ചിനെ തിളപ്പിക്കുന്നതിന് മുമ്പ് അതിന്‍റെ തലയ്ക്ക് നാശം വരുത്തണം. അതല്ലെങ്കില്‍ ജീവന്‍ കളയാന്‍ ഷോക്കേല്‍പ്പിക്കണം. മാര്‍ച്ച് ഒന്നു മുതലാണ് പുതിയ ഉത്തരവ് നടപ്പിലാകുന്നത്. 

കൊഞ്ചുകള്‍ക്കും വേദന അനുഭവിക്കുമെന്ന പഠനത്തിന്‍റെ ഭാഗമായാണ് ഉത്തരവ്. 2013 ലെ ചില പഠനങ്ങള്‍ പ്രകാരം ഞണ്ടുകള്‍ക്ക് ഇലക്ട്രിക്ക് ഷോക്കും വേദനയും അനുഭവവേദ്യമാകുമെന്ന് വെളിപ്പെട്ടിരുന്നു. എന്നാല്‍ കൊഞ്ചിന് വേദന അനുഭവവേദ്യമാകുമോ ഇല്ലയോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുതിയ ഉത്തരവോട് കൂടി സജീവമാകുകയാണ്.

കൊഞ്ചുകള്‍ക്ക് വേദന എന്ന അനുഭവം ഇല്ലെന്നും എന്നാല്‍ പരിതസ്ഥികള്‍ മനസിലാക്കാനുള്ള കഴിവുണ്ടെന്നും ലോബസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭിപ്രായപ്പെടുന്നു. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത് പ്രാണികളെ പോലെ കൊഞ്ചിന് തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ കൊഞ്ചുകള്‍ക്ക് വേദന അറിയാന്‍ സാധിക്കില്ലെന്നാണ്. അഭിപ്രായങ്ങള്‍ എന്താണെങ്കിലും മാര്‍ച്ച് ഒന്ന് മുതല്‍ കൊഞ്ചുകളെ ജീവനോടെ തിളപ്പിക്കാന് പാടില്ല.