ദില്ലി: താജ് മഹല്‍ നശിപ്പിച്ചേ അടങ്ങു എന്നാണോ? ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യമാണിത്. പുതിയ റെയില്‍വേപ്പാത നിര്‍മ്മിക്കുന്നതിന് വേണ്ടി താജ്മഹലിന് മുമ്പിലെ മരങ്ങള്‍ മുറിക്കാനുള്ള അനുമതിക്കായ് സര്‍ക്കാര്‍ നല്‍കിയിയ അപേക്ഷ പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷമായ ചോദ്യം ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്കാണ് പുതിയ റെയില്‍വേപ്പാത. ഇതിനായി 400 മരങ്ങള്‍ മുറിക്കുന്നതിനുള്ള അപേക്ഷയാണ് കോടതിയുടെ മുമ്പിലെത്തിയത്.

ലോക പ്രസിദ്ധമായ ചരിത്ര സ്മാരകമാണ് താജ്മഹല്‍ എന്നും നിങ്ങള്‍ക്ക് അത് നശിച്ച് കിട്ടുകയാണോ വേണ്ടതെന്നും ചോദിച്ച കോടതി താജ്മഹലിന്‍റെ നിലവിലെ അവസ്ഥയെ കുറിച്ചും പറയാതിരുന്നില്ല. താജ്മഹലിന്‍റെ പുതിയ ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ നെറ്റില്‍ പോയി നോക്കു എന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ഈ അമൂല്യ സ്മാരകം നശിപ്പിച്ചേ അടങ്ങു എന്നാണെങ്കില്‍ താജ്മഹല്‍ നശിപ്പിക്കാന്‍ യൂണിയന്‍ ഓഫ് ഇന്ത്യ ആഗ്രഹിക്കുന്നു എന്ന പേരില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി പറഞ്ഞു.

താജ്മഹല്‍ സംരക്ഷണത്തിനായി പരിസ്ഥിതി പ്രവര്‍ത്തകനായ എംസി മെഹ്ത്താ നല്‍കിയ അപേക്ഷ പരിഗണിച്ച് ഇതിന്‍റെ സംരക്ഷണത്തിന് വേണ്ട നടപടികള്‍സ്വീകരിച്ച് വരികയാണ് കോടതി.