ലക്നൗ: മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലി ഭാര്യയുമായുണ്ടായ വഴക്കില്‍ മനംനൊന്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോമിത്‌നഗറില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സസ്യാഹാരിയായ ഭാര്യ, ഭര്‍ത്താവ് മാംസം കഴിക്കുന്നതിനെ എതിര്‍ക്കുകയും ഇരുവരുംമ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.
ചര്‍മ്മ രോഗ വിദഗ്ധനായ ഡോക്ടര്‍ ഉമ ശങ്കര്‍ ഗുപ്തയാണ് വീട്ടിലെ മുറിയിലെ സീലിംഗില്‍ തൂങ്ങി മരിച്ചത്. കാലുകള്‍ കിടക്കയില്‍ തട്ടി, കഴുത്തില്‍ കുരുക്കിട്ട വനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉമ ശങ്കര്‍ ഗുപ്തയ്ക്കും ടാക്‌സ് ഓഫീസില്‍ അസിസ്റ്റന്റ് കമ്മീഷ്ണറായ ദീപ്തിയ്ക്കും ആറ് വയസ്സ് പ്രായമായ മകളുണ്ട്.
രാത്രി 9.30 ഓടെ ഗുപ്ത പുറത്തുനിന്ന് മാംസാഹാരം വാങ്ങി വീട്ടിലെത്തി. ഈ സമയം മകള്‍ ആരാദ്യ ഉറങ്ങുകയായിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്തി ഇരുവരും ഒരുമിച്ചിരുന്നു മാംസാഹാരം കഴിച്ചു. ഇത് കണ്ടുവന്ന ദീപ്തി ഗുപ്തയുമായി വഴക്കുണ്ടാക്കി. ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ മുറിയില്‍ കയറി ഗുപ്ത വാതിലടച്ചു.
അരമണിക്കൂര്‍ കഴിഞ്ഞും ഗുപ്ത പുറത്ത് വരാത്തതിനെ തുടര്‍ന്ന് ഭാര്യ ദീപ്തി മാപ്പ് പറയാനായി വാതില്‍ മുട്ടിയിട്ടും ഇയാള്‍ പ്രതികരിക്കുകയോ ഫോണ്‍ വിളിച്ചിട്ട് എടുക്കുകയോ ചെയ്യുന്നത് കാണാതെ സുഹൃത്തുക്കളെയും അയല്‍ക്കാരെയും വിളിച്ച് വരുത്തുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ഗുപ്ത തൂങ്ങി നില്‍ക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുപ്തയുടേത് ആത്മഹത്യയാണെന്നും താനും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ദീപ്തി അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ മാനസ്സിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക നയിച്ചതെന്നും പൊലീസ് പറഞ്ഞു.
