സമരത്തില്‍ പങ്കെടുത്തതിന് നടപടി ഉണ്ടായാല്‍ സംഘടനയിലെ മുഴുവന്‍ ഡോക്ടര്‍മാരും രാജിനല്‍കുമെന്ന് കെജിഎംഒഎ 

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. സമരത്തില്‍ പങ്കെടുത്തതിന് നടപടി ഉണ്ടായാല്‍ സംഘടനയിലെ മുഴുവന്‍ ഡോക്ടര്‍മാരും രാജിനല്‍കുമെന്ന് കെജിഎംഒഎ അറിയിച്ചു. സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും വിമര്‍ശനം. 

അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടുപടികളുമായി ആരോഗ്യവകുപ്പ്. ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, നേരിടാൻ സർക്കാർ കർശന നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നൽകില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവർക്ക് നോട്ടീസ് നൽകി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയെയും ഇത് ബാധിക്കുമെന്നും സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറയുന്നു. 

എന്നാല്‍ ദീര്‍ഘിപ്പിച്ച ഒപി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വെളളിയാഴ്ച മുതലാണ് മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധമുണ്ട്.