നാഗ്പൂര്‍: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് 15 വര്‍ഷം പഴക്കമുള്ള നാലുമാസം പ്രായമായ ഭ്രൂണം. നാഗ്പൂര്‍ സ്വദേശിനിയായ സ്ത്രീ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തുന്നത്. സിടി സ്കാനിങില്‍ ദഹന വ്യവസ്ഥയെ തടസപ്പെടുത്തി കല്ലുപോലൊരു വസ്തു കണ്ടതിനെ തുടര്‍ന്നാണ് സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. 

അഞ്ച് വര്‍ഷം മുമ്പ് ആര്‍ത്തവം നിലച്ച മധ്യവയസ്ക തുടര്‍ച്ചയായുള്ള വയറു വേദനയും ഓക്കാനവും അസഹ്യമായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കല്ല് പോലെ തോന്നിച്ച വസ്തു പരിശോധിച്ചപ്പോളാണ് നാലു മാസം വളര്‍ച്ചയുള്ള ഭ്രൂണമാണെന്ന് തിരിച്ചറിഞ്ഞത്. 

പതിനഞ്ച് വര്‍ഷം മുമ്പ് കുടുംബത്തില്‍ ഒരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള സാഹചര്യമില്ലെന്ന വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇവര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറായത്. അന്ന് നാല് മാസം പ്രായമായ ഭ്രൂണം വയറ്റില്‍ നിന്ന് പുറത്തെടുത്ത് കളഞ്ഞുവെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. സ്റ്റോണ്‍ ബേബിയെന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ജുനാകര്‍ പറയുന്നത്. നാനൂറ് വര്‍ഷത്തിനിടയില്‍ ലോകത്ത് ഇത്തരം മുന്നൂറ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.