തിരുവനന്തപുരം: നന്തൻകോട് കൂട്ടകൊലപാതക കേസിൽ പ്രതിയുടെ മാനസിരോഗ്യത്തെ കുറിച്ച് മാനസികാരോഗ്യ വിദഗ്ദർക്ക് വ്യത്യസ്ത അഭിപ്രായം. വ്യക്തമായ പദ്ധതികളോടെ കൂട്ടകൊലപാതകം ചെയ്ത കേഡലിന് വലിയ മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു ചോദ്യം ചെയ്ത ഡോക്ടരുടെ റിപ്പോർട്ട്. പക്ഷെ വിചാരണ നേരിടാനുള്ള മാനസികാവസ്ഥ കേഡലിന് ഇല്ലെന്നാണ് പരിശോധന നടത്തിയ മെഡിക്കൽ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.

അമ്മയെയും അച്ഛനെയും ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തി ചാരമാക്കിയ കേഡല്‍ ചില മാനസിക ആസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് പ്രതി ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത്. രക്ഷപ്പെടുന്നതിന് മുന്‍പ് പോലും തിരിച്ചറിയൽ കാ‍ർഡുമായാണ് കടന്നത്. ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള പ്രതിക്ക് വലിയ മാനസിക പ്രശ്നങ്ങളില്ലെന്നും ക്രിമിനൽ മനസാണെന്നും പൊലീസിന്റെ സാനിധ്യത്തിൽ കേഡലിനെ ചോദ്യം ചെയത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർ.എം.ഒ ഡോ. മോഹൻ റോയ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പക്ഷെ കേഡലിന് മാനസിക പ്രശ്നങ്ങളുള്ളതിനാൽ വിചാരണ നേരിടാൻ ഇപ്പോള്‍ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ മൂന്നംഗ സമിതി കോടതിയിൽ നൽകിയ റിപ്പോർട്ട്. 

കേഡലിന് മാനസികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. 90 ദിവസത്തിനുള്ളിൽ കൂട്ടകൊലപാതകക്കേസില്‍ കുറ്റപത്രം നൽകി വിചാരണ തുടങ്ങാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന് വൈരുദ്ധമായ ഈ റിപ്പോർട്ടുകള്‍ തിരിച്ചടിയായി. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്നാണ് കേഡലിനെ പേരൂർക്കട മാനസിരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനക്ക് അയച്ചത്. മാനസികനില പരിശോധിക്കാണമെന്നാവശ്യപ്പെട്ട് പൊലീസും പിന്നീട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ മാസം 25ന് കേഡലിനെ പരിശോധിച്ച സംഘത്തിലെ ഡോ. നെൽസനോട് ഹാജരാകാൻ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ തീരുമാനം ഇനി നിർണായകമാണ്. മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ നിന്നും ലഭിച്ചശേഷം തുടർനടപടികള്‍ ആലോചിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി.കമ്മീഷണ‍ർ കെ.ഇ.ബൈജു പറഞ്ഞു.