100 കിലോമീറ്റര്‍ അകലെയാണ് മോര്‍ച്ചറി ഉള്ളത്. അതിനാല്‍ കുടുംബാംഗങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് പോസ്റ്റ്മോര്‍ട്ടം നടുറോഡിലാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ജയ്പൂര്‍: ഷോക്കേറ്റ് മരിച്ച സ്ത്രീകളുടെ പോസ്റ്റ്മോര്‍ട്ടം നടുറോഡില്‍ വച്ച് നടത്തി രാജസ്ഥാനിലെ ഡോക്ടര്‍മാര്‍. ബാര്‍മെര്‍ ജില്ലയിലാണ് രണ്ട് സ്ത്രീകള്‍ ഷോക്കേറ്റ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നടുറോഡില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. 100 കിലോമീറ്റര്‍ അകലെയാണ് മോര്‍ച്ചറി ഉള്ളത്. അതിനാല്‍ കുടുംബാംഗങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് പോസ്റ്റ്മോര്‍ട്ടം നടുറോഡിലാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വീടിന് മുകളില്‍ തുണി വിരിയ്ക്കുന്നതിനിടെയാണ് 30 കാരിയായ മായ കന്‍വാറിന് ഷോക്കേറ്റത്. മായയെ രക്ഷിക്കാനെത്തിയ ഭര്‍തൃമാതാവ് രാജാ ദേവിയ്ക്കും ഭര്‍തൃപിതാവ് പദം സിംഗിനും ഷോക്കേറ്റു. മൂന്ന് പേരെയും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് സ്ത്രീകളും മരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയ്ക്ക് പുറത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ഇതാദ്യമായല്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതരോട് വിശദീകരണം തേടി.
