തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ രോഗികള്‍ വലഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെ ഒ.പി കള്‍ പ്രവര്‍ത്തിച്ചില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടറെ സമരത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയെന്നും പരാതി ഉയര്‍ന്നു.
രാവിലെ എട്ട് മണിക്ക് ഓപികള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ല. ഒരു മണിക്കൂർ മാത്രമായിരുന്നു ഒ.പി ബഹിഷ്കരണമെങ്കിലും ചികിത്സ കിട്ടാൻ രോഗികൾക്ക് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. സത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ള രോഗികള്‍ക്ക് ഏറെ നേരം ആശുപത്രികള്‍ക്ക് മുന്നില്‍ കാത്തിരേണ്ടി വന്നു. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്കി സമരം ചെയ്യുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നിൽ ധര്‍ണയും സംഘടിപ്പിച്ചു. ഇന്നത്തെ ഒ.പി ബഹിഷ്കരണം സൂചന മാത്രമാണെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഐ.എം.എ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസായാൽ ഇതര ചികിത്സ വിഭാഗങ്ങൾക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതി ചികിൽസിക്കാൻ അവസരം കിട്ടും. ഒപ്പം എം ബി ബി എസ് കഴിഞ്ഞവർക്ക് പ്രാക്ടിസ് ചെയ്യണമെങ്കിൽ എക്സിറ്റ് പരീക്ഷ കൂടി പാസാകണം . ഇതിനെതിരാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം ഇന്ന് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും രാജ്യസഭയില്‍ ഉന്നയിച്ചു. വിവാദമായ നിര്‍ദ്ദേശങ്ങള്‍ എടുത്തുമാറ്റി പ്രശ്നം പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഇത് ആരോഗ്യ മേഖലയ്ക്ക് ഗുണമേ ഉണ്ടാക്കൂവെന്നുമായിരുന്നു ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി പറഞ്ഞത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
