തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗങ്ങളെ സമരം ബാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഐ.എം.എയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

സങ്കരവൈദ്യം നടപ്പാക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ബില്ലെന്നാണ് ആരോപണം. ഈ ബില്ലില്‍ വ്യക്തത വരുത്തണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ബില്ലില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ മെഡിക്കല്‍ ബന്ദുള്‍പ്പെടെ ആലോചിക്കുന്നതായും ഐ.എം.എ അറിയിച്ചു.

മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാരീതികള്‍ പഠിച്ചവര്‍ക്ക് മറ്റൊരു ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതിയിലും ചികിത്സ നടത്താനുള്ള അനുമതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉള്‍നാടുകളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐ.എം.എയുടെ ആരോപണം.