ഹൈദരാബാദിലെ ഒസ്മാനിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഹെൽമറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിയത്. തെലങ്കാനയിലെ ‍‍ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് ഒസ്മാനിയ സർക്കാർ ആശുപത്രി.ഇടിഞ്ഞ് പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്ന ആശുപത്രി പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ‌മാരും ജീവനക്കാരുൾപ്പെടെയുള്ളവർ വെള്ളിയാഴ്ച ഹെൽമറ്റ് ധരിച്ച് ആശുപത്രിയിലെത്തിയത്. 

ഹൈദരാബാദ്: തകർന്ന് വീഴാറായ ആശുപത്രി പുതുക്കി പണിയാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഡോക്ടർമാർ. ഹൈദരാബാദിലെ ഒസ്മാനിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഹെൽമറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിയത്. തെലങ്കാനയിലെ ‍‍ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് ഒസ്മാനിയ സർക്കാർ ആശുപത്രി.

ഇടിഞ്ഞ് പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്ന ആശുപത്രി പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ‌മാരും ജീവനക്കാരുൾപ്പെടെയുള്ളവർ വെള്ളിയാഴ്ച ഹെൽമറ്റ് ധരിച്ച് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി സമയത്ത് ഹെൽമറ്റ് ധരിച്ചാണ് രോ​ഗികളെ പരിശോധിക്കുക. ദിവസവും രാവിലെ ഒരുമണിക്കൂർ പ്രതിഷേധത്തിന്റെ ഭാ​ഗമായി ആശുപത്രിയിൽ ഹെൽമറ്റ് ധരിച്ചെത്തുമെന്നും ഡോക്ടർ‌മാർ പറഞ്ഞു. ഹെൽമറ്റ് ​ധരിക്കുന്നത് കൂടാതെ 'സുരക്ഷിതമല്ലാത്ത മേഖല' എന്ന പ്ലക്കാർഡുമായാണ് ജീവനക്കാർ ആശുപത്രിയിൽ എത്തിയത്. 

100 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാ​ഗങ്ങളായി തകർന്ന് വീഴാറുണ്ട്. കെട്ടിടത്തിന്റെ കോൺക്രീറ്റ് ഇടിഞ്ഞ് ഇതുവരെ അ‍ഞ്ചോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ രോ​ഗികളുടെയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാല് മാസം മുമ്പ് ഡോക്ടർമാർ സമരം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഏപ്രിലിൽ തെലുങ്കാന ആരോഗ്യ മന്ത്രി ലക്ഷ്മ റെഡ്ഡി
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനൽകി. എന്നാൽ നാലുമാസം കഴി‍ഞ്ഞിട്ടും യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് സംയുക്ത ഡോക്ടർസ് ആക്ഷൻ കമ്മിറ്റി പറഞ്ഞു.

അതേസമയം കെട്ടിടം സുരക്ഷിതമല്ലാത്തതാണെന്ന് ഹൈദരാബാദ് മുനിസിപ്പാലിറ്റിയും തെലുങ്കാന സ്റ്റേറ്റ് മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനും അറിയിച്ചു. 2015ൽ കെട്ടിടം പൊളിച്ച് ആശുപത്രിയിലേക്ക് മറ്റൊരിടത്തേക്ക് മാറ്റാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആക്റ്റിവിസ്റ്റുകളും ആർക്കിടെക്ടർമാരും രം​ഗത്തെത്തി. ആശുപത്രി പൊളിച്ച് മാറ്റാതെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.