എറണാകുളം: എറണാകുളം പേട്ടയിൽ വളർത്തുനായയുടെ ആക്രമണം. നാല് വയസുള്ള കുട്ടിക്കുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഏഴരയോടെയാണ് സംഭവം. പേട്ട ജവഹർ കോളനിയിലെ വീട്ടിൽ വളർത്തിയിരുന്ന നാടൻ ഇനത്തിൽപ്പെട്ട നായ പൂട്ട് തുറന്ന് വിട്ട ശേഷം വഴിയരികിൽ കണ്ട ആളുകളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ 75 വയസുള്ള വൃദ്ധയും ഉണ്ട്. ഇവരുടെ മാറിടത്തിലും പട്ടിയുടെ കടിയേറ്റു. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെയും നായ ആക്രമിച്ചു. കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വളർത്തു നായയെ പ്രതിരോധ കുത്തിവയ്പ്പിന് വുധേയമാക്കിയിരുന്നില്ല. അതിനാൽ പേ വിഷ ബാധയുണ്ടായതാണെന്നാണ് സംശയം. നായയെ നാട്ടുകാർ പിടികൂടി നഗരസഭയുടെ വന്ധ്യംകരണ ക്ലിനികിൽ ഏൽപ്പിച്ചു.
