കൊച്ചി: എറണാകുളം വൈപ്പിൻ ഞാറയ്ക്കലിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ കേസിൽ പോലീസ് അന്വേഷണം തുടങ്ങി. മറവ് ചെയ്ത നായ്ക്കളെ പുറത്തെടുത്ത് പോസ്ററ് മോർട്ടം ചെയ്തു. പഞ്ചായത്ത് അംഗം മിനി രാജു ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഞാറക്കൽ പഞ്ചായത്ത് 15 -ാം വാർഡ് അംഗം മിനി രാജുവിന്റെ നേതൃത്വത്തിൽ
നായ്ക്കളെ കൂട്ടത്തൊടെ കൊന്നൊടുക്കിയത്. സംഭവം വാർത്തയായതോടെ മിനി രാജു, ജോസ് മാവേലി ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്ത് ഞാറക്കൽ പോലീസ് അന്വേഷണം തുടങ്ങി.

തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി നായക്കളെ കുഴിച്ച് മൂടിയ പഞ്ചായത്ത് പറമ്പിൽനിന്ന് അവയുടെ ശരീരഭാഗങ്ങൾ പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. പഞ്ചായത്ത് മൃഗാശുപതച്രിയിലെ ഡോ.മിനി പുരോഷത്തമന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. കുഴിച്ചിട്ട ഏഴ് നായ്ക്കളെയാണ് പോസ്റ്റ് മോർട്ടം ചെയ്തത്. മൃഗങ്ങളെ കൊല്ലുന്നത് തടയുന്ന നിയമ ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു

യുഡിഎഫ് ഭരിക്കുന്ന ഞാറക്കൽ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധിയാണ് പഞ്ചായത്ത് അംഗം മിനി രാജു. ജനങ്ങളോടുളള കടമയാണ് പഞ്ചായത്ത് അംഗം നിറവേറ്റിയതെന്ന് നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നു. എന്നാൽ നിയമം ലംഘിച്ച് തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനോട് യോജിപ്പില്ലെന്ന് മറ്റ് ചിലർ വ്യക്തമാക്കി