തൊടുപുഴ: ഇടുക്കിയില്‍ കഞ്ചാവ് കടത്ത്കാര്‍ക്ക് വെല്ലുവിളിയുയര്‍ത്തി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്ന സ്‌ക്വാഡ് ഇതിനകം കുമളി കമ്പംമെട്ട് മൂന്നാര്‍ എന്നിവടങ്ങളില്‍ നിന്ന് കഞ്ചാവ് പിടികൂടിയതും കടത്തലുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്.

വെള്ളിയാഴ്ച മൂന്നാറില്‍ പരിശോധന നടത്തിയ ഡോഗ് സ്‌ക്വാഡ് ചായക്കടയുടെ പാചകവാതക സിലിണ്ടറിന് സമീപം ഒളിപ്പിച്ച് വച്ചിരുന്ന കഞ്ചാവും പ്രതി രമേശ് താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവുമാണ് പിടികൂടിയത്. നേരത്തേ കമ്പം മെട്ടില്‍ നിന്നും കുമിളിയില്‍ നിന്നും കഞ്ചാവ് പിടികൂടാന്‍ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു. കഞ്ചാവ് കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം നേടിയ ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ ബ്രൂസ് ആണിവ മണത്തു കണ്ടു പിടിച്ചത്. ശനിയാഴ്ച നൂറുഗ്രാം പിടികൂടിയ തൊടുപുഴ ഇടവെട്ടിയിലും സ്‌ക്വാഡ് പരിശോധന നടത്തി.

സൂചനകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബസുകളിലും മറ്റു വാഹനങ്ങളിലും ബാഗുകളിലുമൊക്കെ മണം പിടിച്ചാണ് ബ്രൂസ് കഞ്ചാവും കടത്തുന്നവരെയും കണ്ടെത്തുന്നത്. ബ്രൂസിന്റെ ഔദ്യോഗിക നാമം നീലിയെന്നാണ്. പ്രത്യക പരിശീലനം ലഭിച്ച രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ബ്രൂസിന്റെ ഹാണ്ടര്‍മാര്‍. നീലിയുള്‍പ്പെടുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവമായതോടെ വെട്ടിലായിരിക്കുന്നത് ജില്ലയിലെ കഞ്ചാവ് വില്‍പനക്കാരാണ്.