ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ചൈനയില്‍ നിന്ന് അനുകൂലമായ സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. സുഹൃത്തുക്കളെ മാറ്റാം അയല്‍ക്കാരെ മാറ്റാനാകില്ലെന്നും രാജ്നാഥ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന് ശുഭാപ്തി വിശ്വാസം

അതേസമയം, അതിര്‍ത്തിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇന്ത്യയാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഘര്‍ഷമുണ്ടാക്കുന്ന ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പരിക്കേല്‍പ്പിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലഡാക്കിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. സൈനിക സന്നാഹങ്ങള്‍ കരസേന മേധാവി വിലയിരുത്തി.

ലേയിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സൈനികര്‍ക്ക് രാഷ്‌ട്രപതിയുടെ ബഹുമതി നല്‍കി. സൈന്യത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. രാഷ്‌ട്രപതിയായ ശേഷം ദില്ലിക്ക് പുറത്തുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ് ലേയിലേത്. ഇന്ത്യ–ചൈന ബോര്‍ഡര്‍ റോഡ്സ് പദ്ധതിയ്‌ക്കു കീഴില്‍ 61 തന്ത്രപ്രധാന റോഡുകള്‍ നിര്‍മിക്കും. 3,409 കിലോമീറ്റര്‍ നീളത്തിലുളള റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മാണത്തിനായുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടി വരെ ചെലവഴിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് അധികാരം നല്‍കി.